ഹാലിഫാക്സ്: നോവസ്കോഷയിലെ ആശുപത്രികളിൽ ഏകീകൃത ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് സംവിധാനമായ ‘വൺ പേഴ്സൺ വൺ റെക്കോർഡ്’ (OPOR) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷം. ഐഡബ്ല്യു കെ (IWK) ഹെൽത്ത് സെന്ററിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സംവിധാനം ശനിയാഴ്ചയോടെ ഹാലിഫാക്സ് ഉൾപ്പെടുന്ന സെൻട്രൽ ഹെൽത്ത് സോണിലെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ജീവനക്കാർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഗണിച്ച് ഈ നീക്കം താൽക്കാലികമായി നിർത്തിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പുതിയ സംവിധാനം നടപ്പിലാക്കിയത് പരാജയമാണെന്ന് ഐഡബ്ല്യു കെയിലെ 80 ശതമാനം ആരോഗ്യപ്രവർത്തകരും അഭിപ്രായപ്പെട്ടതായി എൻഎസ്ജിഇയു (NSGEU) നടത്തിയ സർവേയിൽ വ്യക്തമായിരുന്നു. രോഗികളുടെ രേഖകൾ കാണാതാവുക, മരുന്ന് നൽകുന്നതിൽ പിഴവ് സംഭവിക്കുക, അമിതമായ ജോലിഭാരം എന്നിവയാണ് പ്രധാന പരാതികൾ. ഇതിന്റെ പശ്ചാത്തലത്തിൽ, ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകുന്നതുവരെ പദ്ധതി നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ലിബറൽ പാർട്ടി നേതാവ് ഇയാൻ റാങ്കിനും എൻഡിപി നേതാവ് ക്ലോഡിയ ചെൻഡറും ആരോഗ്യ മന്ത്രിക്ക് കത്തയച്ചു.

എന്നാൽ, വെല്ലുവിളികൾ ഉണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യ മന്ത്രി മിഷേൽ തോംസൺ വ്യക്തമാക്കി. ഓരോ തവണയും ആരോഗ്യപ്രവർത്തകരെ കാണുമ്പോൾ രോഗികൾ തങ്ങളുടെ ചികിത്സാ ചരിത്രം ആവർത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ഈ സംവിധാനം അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അത് പരിഹരിക്കാനാകുമെന്നും ആരോഗ്യപ്രവർത്തകരുടെ കഴിവിൽ സർക്കാരിന് പൂർണ്ണ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
