Thursday, May 7, 2026

‘പ്രീമിയറോട് പരസ്യമായി മാപ്പപേക്ഷിച്ചു’; യുസിപിയിലേക്ക് തിരിച്ചെത്തി ലെസ്സർ സ്ലേവ് ലേക്ക് എംഎൽഎ സ്കോട്ട് സിൻക്ലെയർ

എഡ്മിന്റൻ: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് ഒരു വർഷത്തിന് ശേഷം ലെസ്സർ സ്ലേവ് ലേക്ക് ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലേക്ക് (UCP) തിരിച്ചെത്തി എംഎൽഎ സ്കോട്ട് സിൻക്ലെയർ. കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് പ്രീമിയർ ഡാനിയൽ സ്മിത്തിനോടും സഹപ്രവർത്തകരോടും അദ്ദേഹം പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൻക്ലെയറെ പാർട്ടിയിലേക്ക് തിരികെ സ്വീകരിക്കുന്നതായി പ്രീമിയറുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചത്.

റൂറൽ മേഖലകളെ അവഗണിച്ച് നഗരങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്ന് ആരോപിച്ച് ബജറ്റിനെതിരെ പരസ്യനിലപാട് എടുത്തതിനെത്തുടർന്നാണ് 2025 മാർച്ചിൽ സിൻക്ലെയറെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് സ്വതന്ത്രനായി തുടർന്ന അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ അന്ന് വികാരപരമായ തീരുമാനങ്ങളാണ് എടുത്തതെന്നും ഗവൺമെന്റിന്റെ ഭാഗമായി നിന്നുകൊണ്ടാണ് സ്വന്തം റൈഡിങ്ങിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയെന്ന് ഇപ്പോൾ ബോധ്യപ്പെട്ടതായും സിൻക്ലെയർ വ്യക്തമാക്കി.

സിൻക്ലെയറുടെ തിരിച്ചുവരവിനെ പ്രീമിയർ ഡാനിയൽ സ്മിത്ത് സ്വാഗതം ചെയ്തു. വടക്കൻ ആൽബർട്ടയുടെ വികസനത്തിനായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് പ്രീമിയർ പറഞ്ഞു. ഗവൺമെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള സിൻക്ലെയറുടെ തീരുമാനത്തെ യുസിപി നേതൃത്വവും അഭിനന്ദിച്ചു. വടക്കൻ ആൽബർട്ടയിലെ ഹൈവേ വികസനം ഉൾപ്പെടെയുള്ള പദ്ധതികളിൽ ഗവൺമെന്റ് നടത്തുന്ന നിക്ഷേപങ്ങളെ സിൻക്ലെയർ ഇപ്പോൾ പിന്തുണയ്ക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!