Friday, May 8, 2026

പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ല; ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച റിപ്പോര്‍ട്ട് എഐസിസി നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറി.

മുകുള്‍ വാസ്‌നികിന്റെ കൈവശമുള്ള പട്ടിക എന്ന നിലയില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹിതപരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ എടുത്ത ചിത്രമാണിതെന്നാണ് സൂചന. എംഎല്‍എമാരുടെ പേരും അതിന് നേരെയുള്ള കോളത്തില്‍ ഇവര്‍ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ മുകുള്‍ വാസ്‌നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റാണ് ചിത്രത്തിലുള്ളത്.

ഇതില്‍ പത്തോളം എംഎല്‍എമാരുടെ പേരുകള്‍ കാണാം. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി.ഒ. മോഹനന്‍, സണ്ണി ജോസഫ്, ഉഷ വിജയന്‍, ഐസി ബാലകൃഷ്ണന്‍, ടി. സിദ്ധിഖ് എന്നീ എംഎല്‍എമാരുടെ പേരുകള്‍ ഇതില്‍ കൃത്യമായി കാണാന്‍ കഴിയും. ഐസി ബാലകൃഷ്ണന്റെ പേരിന് നേരെ കെ.സി, ആര്‍.സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ.സി. എന്ന് മാത്രമാണ് ഉള്ളത്. കെ.സി എന്നത് കെ.സി. വേണുഗോപാലും ആര്‍.സി. എന്നത് രമേശ് ചെന്നിത്തലയും ആണെന്നാണ് സൂചന.

63 കോണ്‍ഗ്രസ് സാമാജികരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാല്‍ പക്ഷം അവകാശപ്പെടുന്നുണ്ട്. ഇത് ശരിവെക്കുന്നതാണ് പുറത്തുവന്ന ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ കൈവശമുള്ള പട്ടിക. 45-ലേറെ പേരുടെ പിന്തുണ കെ.സി. പക്ഷവും 35 ലേറെ എംഎല്‍എമാരുടെ പിന്തുണ സതീശന്‍ പക്ഷവും അവകാശപ്പെടുന്നുണ്ട്. 23 എംഎല്‍എമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല പക്ഷം അവകാശപ്പെട്ടിരിക്കുന്നത്.

മൂന്ന് പ്രമുഖ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്ന് ഫോണില്‍ സംസാരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇവരെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും. ഞായറാഴ്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!