തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ തുടരുന്നതിനിടെ കെ.സി. വേണുഗോപാലിനോടുള്ള പിന്തുണ സംബന്ധിച്ച് വ്യക്തമായ നിലപാട് വെളിപ്പെടുത്താതെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മുകുള്‍ വാസ്‌നിക്കിന്റെ കൈവശമുള്ള പട്ടികയുടെ ചിത്രം പുറത്തുവന്നതായി കണ്ടിട്ടില്ലെന്നും, ആരെ പിന്തുണയ്ക്കുന്നുവെന്നത് പരസ്യമായി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും, എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീരാത്ത കടപ്പാട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജീവിതത്തിലെ പ്രയാസകരമായ സമയത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും, അന്ന് തന്നെ കൈപിടിച്ച് നിര്‍ത്തിയത് പാര്‍ട്ടിയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മാത്യു കുഴല്‍നാടന്റെ മുസ്ലിം ലീഗിനെതിരായ പ്രസ്താവനകള്‍ കണ്ടിട്ടില്ലെന്നും, മാധ്യമങ്ങള്‍ പലപ്പോഴും ഭാഗികമായി വാര്‍ത്തകള്‍ നല്‍കുന്നതുകൊണ്ട് തെറ്റിദ്ധാരണകള്‍ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
