Friday, May 8, 2026

ക്യാൻസർ ചികിത്സാ ഉപദേശം: ‘ക്യാൻസർ ഗയ്’ക്കെതിരെ കാനഡയിൽ നിയമനടപടി

വൻകൂവർ: മതിയായ യോഗ്യതകളില്ലാതെ ക്യാൻസർ രോഗികൾക്ക് ചികിത്സാ ഉപദേശങ്ങളും പരിശോധനാ നിർദ്ദേശങ്ങളും നൽകുന്നു എന്നാരോപിച്ച് ‘ക്യാൻസർ ഗയ്’ എന്ന് സ്വയം വിളിക്കുന്ന അലക്സാണ്ടർ റോളണ്ടിനെതിരെ ബ്രിട്ടീഷ് കൊളംബിയയിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് കോടതിയെ സമീപിച്ചു. അലക്സാണ്ടർ റോളണ്ടും അദ്ദേഹത്തിന്റെ സ്ഥാപനമായ ‘ക്യാൻസർ ട്രീറ്റ്‌മെന്റ് ഓപ്ഷൻസ് ആൻഡ് മാനേജ്‌മെന്റും’ (CTOAM) രോഗനിർണ്ണയം നടത്തുകയും ചികിത്സകൾ ശുപാർശ ചെയ്യുകയും ചെയ്യുന്നുവെന്ന് ബി.സി. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. രോഗികളിൽ നിന്ന് 2,000 ഡോളർ മുതൽ 20,000 ഡോളർ (ഏകദേശം 1.25 ലക്ഷം മുതൽ 12.5 ലക്ഷം രൂപ വരെ) വരെയാണ് ഇവർ ഫീസായി ഈടാക്കുന്നത്. കൂടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന മരുന്നുകൾ വാങ്ങാനും ഗോഫണ്ട്മീ (GoFundMe) വഴി പണം കണ്ടെത്താനും ഇവർ നിർദ്ദേശിക്കുന്നു. ഔദ്യോഗിക ആരോഗ്യ സംവിധാനങ്ങൾ നൽകാത്ത അത്യാധുനിക ചികിത്സകൾ തങ്ങൾ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. എന്നാൽ, ഇക്കാര്യങ്ങളൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഡോക്ടർമാരും രോഗികളും തമ്മിലുള്ള ബന്ധത്തെ ഇത് തകർക്കുന്നുവെന്നും ഓങ്കോളജിസ്റ്റുകൾ ആരോപിക്കുന്നു.

എന്നാൽ തങ്ങൾ ആർക്കും മരുന്നുകൾ കുറിച്ചു നൽകുന്നില്ലെന്നും മറിച്ച് ആരോഗ്യ സംവിധാനങ്ങൾ നൽകാത്ത പരിശോധനകളെക്കുറിച്ചും നൂതന ചികിത്സകളെക്കുറിച്ചും രോഗികളെ ബോധവാന്മാരാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സ്ഥാപനത്തിന്റെ സഹസ്ഥാപക മിഷേൽ മൊറാണ്ട് പറഞ്ഞു. രോഗികൾക്ക് അവരുടെ ഓപ്ഷനുകൾ അറിയാൻ അവകാശമുണ്ടെന്നാണ്‌ ഇവരു‌ടെ വാദം. അലക്സാണ്ടർ റോളണ്ട് രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ അല്ലെന്നും അതിനാൽ ചികിത്സാ കാര്യങ്ങളിൽ ഇടപെടുന്നത് തടയണമെന്നുമാണ് മെഡിക്കൽ കോളേജിന്റെ ആവശ്യം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!