ഓട്ടവ/ടൊറന്റോ: കാനഡയിൽ ഹാൻ്റാവൈറസ് ബാധിച്ച ഒരാളുമായി സമ്പർക്കമുണ്ടായെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി നിരീക്ഷണത്തിൽ. എങ്കിലും രാജ്യത്ത് മഹാമാരി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റൈമർ അറിയിച്ചു. ആൽബർട്ടയിൽ നിന്നുള്ള രണ്ടുപേരും ഒന്റാരിയോയിൽ നിന്നുള്ള ഒരാളുമാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച വിമാനത്തിൽ ഇവരും ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. കോവിഡ് -19 പോലെ ഹാന്റാവൈറസ് എളുപ്പത്തിൽ പടരില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരുമെന്നതിന് നിലവിൽ തെളിവുകളില്ല. ‘എംവി ഹോണ്ടിയസ്’എന്ന വിനോദസഞ്ചാര കപ്പലിൽ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും മൂന്ന് മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഈ കപ്പലിലുണ്ടായിരുന്ന നാല് കാനഡക്കാരെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

ഒന്റാരിയോയിൽ നിന്നുള്ള ദമ്പതികൾ നിലവിൽ 45 ദിവസത്തെ നിരീക്ഷണത്തിലാണെന്നും ഇവർ ആരോഗ്യവാന്മാരാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും ഒന്റാരിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കീരൻ മൂർ പറഞ്ഞു. സാധാരണയായി എലികളിൽ നിന്നാണ് ഹാൻ്റാവൈറസ് പടരുന്നതെങ്കിലും എന്നാൽ ഈ വർഗ്ഗത്തിൽപ്പെട്ട ആൻഡീസ് വൈറസിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പരിമിതമായ രീതിയിൽ പടരാൻ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധിച്ച ആളുമായി സമ്പർക്കമുണ്ടായവർ 45 ദിവസം വരെ നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
