ദുബായ്: യു.എ.ഇയിലെ വിദ്യാലയങ്ങളിൽ തിങ്കളാഴ്ചമുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കും. സർവകലാശാലകളും ഓഫ്ലൈൻ പഠനത്തിലേക്ക് മാറുമെന്നാണ് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് തീരുമാനം. ഇറാനിൽനിന്നുള്ള വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിമോർട്ട് പഠനത്തിലേക്ക് മാറിയ യു.എ.ഇ.യിലെ സ്കൂളുകളും സർവകലാശാലകളുമാണ് വീണ്ടും ഓഫ്ലൈൻ പഠനത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്. തിങ്കളാഴ്ചമുതൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേരിട്ടെത്താം. സർക്കാർ മേഖലയിലേയും സ്വകാര്യ മേഖലയിലേയും വിദ്യാലയങ്ങൾക്ക് തീരുമാനം ബാധകമാണ്.

ഫുജൈറ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഈ മാസം അഞ്ചിനാണ് രാജ്യത്തെ സ്കൂൾ, കോളേജ് പഠനം ഓൺലൈനിലേക്ക് മാറിയത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഞായറാഴ്ച തുടർതീരുമാനം പ്രഖ്യാപിക്കു മെന്നായിരുന്നു അന്നത്തെ അറിയിപ്പ്. ഫെബ്രുവരി 28-ന് ഇറാൻ ആദ്യ ആക്രമണം നടത്തിയതിനെത്തുടർന്ന് ഓൺലൈനിലേക്ക് മാറിയ യു.എ.ഇ.യിലെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം ഏപ്രിൽ 20-നാണ് നേരിട്ടുള്ള പഠനത്തിലേക്ക് മാറിയത്. ഇറാൻ ആക്രമണം പുനരാരംഭിച്ചതോടെ മേയ് അഞ്ചിന് വീണ്ടും ഓൺലൈനിലേക്ക് മാറുകയായിരുന്നു.
