Tuesday, May 12, 2026

രേഖകളിൽ കൃത്രിമം, പരിശീലനത്തിൽ കുറവ്; ട്രക്ക് ലൈസൻസിങ്ങിൽ ഗുരുതര വീഴ്ച: റിപ്പോർട്ട്

ടൊറന്റോ: ഒന്റാരിയോയിലെ വാണിജ്യ ട്രക്ക് ഡ്രൈവർമാരുടെ പരിശീലനത്തിലും ലൈസൻസിങ് രീതികളിലും ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായി പ്രവിശ്യാ ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസിന്റെ പ്രത്യേക റിപ്പോർട്ട്. പല ഡ്രൈവിങ് സ്കൂളുകളും നിശ്ചിത സമയപരിധി പാലിക്കാതെയും പ്രധാന പാഠങ്ങൾ ഒഴിവാക്കിയുമാണ് ലൈസൻസ് നൽകാൻ സഹായിക്കുന്നതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. ശരിയായ പരിശീലനം ലഭിക്കാത്ത ഡ്രൈവർമാർ റോഡിലിറങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

പരിശീലന കേന്ദ്രങ്ങളിൽ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിയമപ്രകാരം നൽകേണ്ട 103.5 മണിക്കൂർ പരിശീലനത്തിന് പകരം പലയിടത്തും 60 മുതൽ 80 മണിക്കൂർ വരെ മാത്രമേ ക്ലാസുകൾ നൽകുന്നുള്ളൂ. തിരക്കേറിയ റോഡുകളിൽ വാഹനം തിരിക്കുന്നതും അടിയന്തര സാഹചര്യങ്ങളിൽ ബ്രേക്ക് ഇടുന്നതും ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ പല ഡ്രൈവർമാരെയും പഠിപ്പിക്കുന്നില്ല. ചില കോളേജുകൾ വിദ്യാർത്ഥികളുടെ പരിശീലന രേഖകളിൽ കൃത്രിമം കാണിച്ചതായും ഓഡിറ്റർ ജനറൽ കണ്ടെത്തി.

സർക്കാർ മന്ത്രാലയങ്ങളുടെ നിരീക്ഷണത്തിലുള്ള കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പല ട്രക്ക് ഡ്രൈവിങ് സ്കൂളുകളിലും വർഷങ്ങളായി പരിശോധനകൾ നടന്നിട്ടില്ല. ഹൈവേകളിലെ വേഗതയേറിയ ഡ്രൈവിങ് പരിശോധിക്കാൻ നിലവിലെ ടെസ്റ്റുകൾക്ക് സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഓഡിറ്റർ ജനറൽ നിർദ്ദേശിച്ച 13 മാറ്റങ്ങളും നടപ്പിലാക്കാമെന്ന് ഒന്റാരിയോ സർക്കാർ സമ്മതിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!