Tuesday, May 12, 2026

കാനഡ സെൻസസ് 2026: ഫോമുകൾ കീറി പ്രതിഷേധം; സ്വകാര്യതയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ

ഓട്ടവ: കാനഡയിലെ ദേശീയ സെൻസസ് നടപടികൾ പുരോഗമിക്കവെ, വിവരങ്ങൾ നൽകുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്ത്. എന്നാൽ, തങ്ങളുടെ കമ്മ്യൂണിറ്റികളുടെ വികസനത്തിനായി വിവരങ്ങൾ നൽകാൻ മടിക്കുന്നവർ സഹകരിക്കണമെന്ന് ലിബറൽ എംപി മാർക്ക് ഗെറെറ്റ്‌സൺ അഭ്യർത്ഥിച്ചു. സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും, ഓരോ നാട്ടിലും എത്ര സ്കൂളുകളും ആശുപത്രികളും വേണമെന്ന് തീരുമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സെൻസസ് ഫോമുകൾ പൂരിപ്പിക്കാത്തത് സർക്കാരിനെയല്ല, മറിച്ച് നിങ്ങളുടെ സ്വന്തം നാടിന്റെ വികസനത്തെയാണ് ബാധിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്വകാര്യതാ പ്രശ്നങ്ങളും സർക്കാരിനോടുള്ള രാഷ്ട്രീയ വിയോജിപ്പും കാരണം ചിലർ സെൻസസ് ഫോമുകൾ കീറിക്കളഞ്ഞും തിരിച്ചയച്ചും പ്രതിഷേധിക്കുന്നുണ്ട്. നിലവിലെ ഗവൺമെന്റിന് വ്യക്തിവിവരങ്ങൾ നൽകാൻ താല്പര്യമില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ സെൻസസ് വഴി ലഭിക്കുന്ന കണക്കുകൾ അനുസരിച്ചാണ് ഓരോ പ്രദേശത്തിനും റോഡുകൾക്കും വീടുകൾക്കുമായി ഫണ്ട് അനുവദിക്കുന്നത്. അതുകൊണ്ട് വിവരങ്ങൾ നൽകാതിരിക്കുന്നത് പ്രാദേശിക വികസനത്തെയും സ്വന്തം കമ്മ്യൂണിറ്റിക്കും ദോഷകരമാകുമെന്ന് എംപി ചൂണ്ടിക്കാട്ടി.

കാനഡയിലെ നിയമപ്രകാരം സെൻസസിൽ പങ്കെടുക്കുന്നത് നിർബന്ധമാണ്. സെൻസസ് ഫോം പൂരിപ്പിക്കാത്തവർക്ക് മെയ് മാസത്തിന് ശേഷം റിമൈൻഡറുകൾ ലഭിക്കും. എന്നിട്ടും സഹകരിച്ചില്ലെങ്കിൽ 500 ഡോളർ വരെ പിഴ നൽകേണ്ടി വരും. ജനങ്ങൾ നൽകുന്ന വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. നിലവിൽ ഭൂരിഭാഗം ജനങ്ങളും സെൻസസുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!