ടൊറന്റോ: ഒന്റാരിയോയിലെ ഡോക്ടർമാർ രോഗീവിവരങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സോഫ്റ്റ്വെയറുകൾ ഗുരുതരമായ തെറ്റുകൾ വരുത്തുന്നതായി ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ. രോഗികളുമായി സംസാരിക്കാത്ത കാര്യങ്ങൾ പോലും ചികിത്സാ കുറിപ്പുകളിൽ ഉൾപ്പെടുത്തുന്ന ‘ഹാലുസിനേഷൻ’ എന്ന പ്രതിഭാസം ഈ സംവിധാനങ്ങളിൽ വ്യാപകമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. പരിശോധനയ്ക്ക് വിധേയമാക്കിയ 20 AI സിസ്റ്റങ്ങളിൽ ഒൻപതെണ്ണവും (45%) രോഗിയുമായി സംസാരിക്കാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ഉദാഹരണത്തിന്, പരിശോധിക്കാത്ത രക്തപരിശോധനകളും സ്കാനിംഗുകളും ഡോക്ടർ നിർദ്ദേശിച്ചതായി ഇവ രേഖപ്പെടുത്തി. 60 ശതമാനം സിസ്റ്റങ്ങളും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ തെറ്റായിട്ടാണ് രേഖപ്പെടുത്തിയത്. ഇത് രോഗികളുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്നാണ് മുന്നറിയിപ്പ്. 85 ശതമാനം AI സ്ക്രൈബുകളും രോഗികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.

പല സോഫ്റ്റ്വെയറുകളും മതിയായ സുരക്ഷാ പരിശോധനകളില്ലാതെയാണ് നടപ്പിലാക്കിയതെന്ന് ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസ് വ്യക്തമാക്കി. ഡോക്ടർമാരും രോഗികളും തമ്മിലുള്ള സംഭാഷണം കേട്ട് അത് സ്വയം കുറിപ്പുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്. ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനാണ് ഇത് കൊണ്ടുവന്നതെങ്കിലും, നിലവിലെ പിഴവുകൾ രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. AI തയ്യാറാക്കുന്ന കുറിപ്പുകൾ കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നും, ഓരോ കുറിപ്പും ഡോക്ടർമാർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സോഫ്റ്റ്വെയറുകൾക്ക് അംഗീകാരം നൽകുന്നതിന് മുൻപ് കൃത്യമായ പരിശോധനകൾ ഉറപ്പാക്കണമെന്നും ഓഡിറ്റർ ജനറൽ സർക്കാരിനോട് ശുപാർശ ചെയ്തു.
