Thursday, May 14, 2026

സര്‍ക്കാര്‍ രൂപീകരണം: സണ്ണി ജോസഫ് ഇന്ന് ഗവര്‍ണറെ കാണും; കൂടിക്കാഴ്ച മൂന്ന് മണിയ്ക്ക്

തിരുവനന്തപുരം: കേരളത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി യുഡിഎഫ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കാണും. ഉച്ചയ്ക്ക് നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് നേതൃയോഗത്തിനും ശേഷമാകും ഗവര്‍ണറുമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച. 102 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. സത്യപ്രതിജ്ഞയ്ക്കുള്ള പ്രാഥമിക ഒരുക്കങ്ങള്‍ ഇതിനകം തന്നെ ലോക്ഭവനില്‍ ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരോടും അടിയന്തരമായി തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യം 11 മണിക്ക് നിശ്ചയിച്ചിരുന്ന യോഗം, എംഎല്‍എമാരുടെ യാത്ര അസൗകര്യങ്ങള്‍ പരിഗണിച്ചാണ് ഒരു മണിയിലേക്ക് മാറ്റിയതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. ഹൈക്കമാന്‍ഡ് തീരുമാനവുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി യോഗത്തില്‍ പങ്കെടുക്കും. മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ തുടങ്ങിയ ദേശീയ നേതാക്കളും തലസ്ഥാനത്തെത്തുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശന്‍ പുലര്‍ച്ചെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തല തന്റെ ഔദ്യോഗിക വസതിയില്‍ ക്യാമ്പ് ചെയ്യുമ്പോള്‍ കെ.സി. വേണുഗോപാല്‍ ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്. ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുന്നണിയിലെ പ്രമുഖ നേതാക്കള്‍ ഉച്ചയോടെ തലസ്ഥാനത്ത് എത്തും. വൈകിട്ടോടെ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വ്യക്തമായ പ്രഖ്യാപനമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി നേതൃത്വം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!