Thursday, May 14, 2026

സസ്‌പെന്‍സ് തുടരുന്നു; തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കെ.സി ഇല്ല

ഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എഐസിസി നിരീക്ഷകരുമായി ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും. ദീപാ ദാസ് മുന്‍ഷി, മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍, സൂര്യകാന്ത് ദംമാനെ എന്നിവരാണ് ഈ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. എന്നാല്‍, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിരീക്ഷകര്‍ക്കൊപ്പം ഈ വിമാനത്തില്‍ ഇല്ലെന്ന വിവരം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. വിമാനം മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇപ്പോഴും നിര്‍ണ്ണായക ചര്‍ച്ചകള്‍ തുടരുകയാണ്. മുതിര്‍ന്ന നേതാവ് ജയറാം രമേശ്, ദീപാ ദാസ് മുന്‍ഷി എന്നിവര്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പേര് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്ന മറുപടിയാണ് ജയറാം രമേശ് നല്‍കിയത്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധിയും എത്തിച്ചേര്‍ന്നത് ചര്‍ച്ചകളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ വി.ഡി. സതീശന്‍ ഉച്ചയ്ക്ക് 11.30-ഓടെ കന്റോണ്‍മെന്റ് ഹൗസില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിലാകും മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക. നേതാക്കളുടെ ഡല്‍ഹിയിലെ ഈ അവസാനവട്ട തിരക്കിട്ട കൂടിയാലോചനകള്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരുന്നത് ഹൈക്കമാന്‍ഡിന്റെ മറ്റേതെങ്കിലും തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണോ എന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. വൈകിട്ടോടെ കേരളത്തിന്റെ ഭരണത്തലവനെ കുറിച്ചുള്ള സസ്‌പെന്‍സിന് വിരാമമാകുമെന്ന് ഉറപ്പായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!