ഇസ്ലാമാബാദ്: സ്വന്തമായി വികസിപ്പിച്ചെടുത്ത ദീർഘദൂര ക്രൂയിസ് മിസൈലായ ‘ഫത്താ-4’ വിജയകരമായി പരീക്ഷിച്ച് പാക്കിസ്ഥാൻ. 750 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെപ്പോലും കൃത്യമായി തകർക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്. റഡാറുകളുടെ കണ്ണുവെട്ടിച്ച് താഴ്ന്ന ഉയരത്തിൽ പറക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സൈന്യത്തിന്റെ ആക്രമണശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ ഈ പരീക്ഷണം നടത്തിയത്.
ഈ മിസൈലിന്റെ ദൂരപരിധി ഇന്ത്യയ്ക്ക് വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് വിക്ഷേപിച്ചാൽ ഡൽഹി, അമൃത്സർ, ലഖ്‌നൗ, ആഗ്ര തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങൾ ഈ മിസൈലിന്റെ പ്രഹരപരിധിയിൽ വരും. ഏകദേശം 330 കിലോ ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഫത്താ-4, ഇന്ത്യയിലെ പ്രധാന സൈനിക താവളങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യം വെക്കാൻ ശേഷിയുള്ളതാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള മിസൈൽ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഈ നീക്കം. ഇതിനെ പ്രതിരോധിക്കാൻ എസ്-400 പോലുള്ള കരുത്തുറ്റ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്. എങ്കിലും, ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ സമാധാനത്തിന് ഇത്തരം മിസൈൽ പരീക്ഷണങ്ങൾ വലിയ ഭീഷണിയാകുമെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
