ഓട്ടവ: കാനഡയിൽ പി.ജി.ഡബ്ല്യു.പി (PGWP) അപേക്ഷകളിലെ സാങ്കേതിക പ്രശ്നം കാരണം നിരവധി വിദേശ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റുകൾ നിരസിക്കപ്പെടുന്നതായി റിപ്പോർട്ട്. 2024 നവംബർ മുതൽ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ പരീക്ഷാ ഫലം നിർബന്ധമാക്കിയിരുന്നു. എന്നാൽ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ ഈ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ പ്രത്യേക കോളങ്ങൾ ഒന്നും നൽകാതിരുന്നതാണ് വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലാക്കിയത്.
യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിൽ നിന്ന് പഠിച്ചിറങ്ങി കാനഡയിൽ ജോലി ചെയ്തിരുന്ന ലൂക്കാസ് ട്രോണി എന്ന വിദ്യാർത്ഥിക്ക് ഭാഷാ പരീക്ഷാ ഫലം ഉൾപ്പെടുത്തിയില്ല എന്ന കാരണത്താലാണ് വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടത്. ഇംഗ്ലീഷ് നന്നായി അറിയാമായിരുന്നിട്ടും വെബ്സൈറ്റിലെ ആശയക്കുഴപ്പം കാരണം അപേക്ഷ നിരസിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലും (Reddit) സമാനമായ രീതിയിൽ അപേക്ഷകൾ നിരസിക്കപ്പെട്ട നിരവധി വിദേശ വിദ്യാർത്ഥികളാണ് തങ്ങളുടെ സങ്കടങ്ങൾ പങ്കുവെക്കുന്നത്. ഒരു വർഷത്തിനിടെ 945 അപേക്ഷകളാണ് ഈയൊരു കാരണം കൊണ്ട് മാത്രം തള്ളിക്കളഞ്ഞത്.

വെബ്സൈറ്റിലെ ഈ പോരായ്മ പരിഹരിക്കാൻ പുതിയ മാറ്റങ്ങൾ വരുത്തുമെന്നും ഭാഷാ പരീക്ഷാ ഫലം സമർപ്പിക്കാൻ പ്രത്യേക കോളം നിർമ്മിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ അപേക്ഷ നിരസിക്കപ്പെട്ടതിന് ശേഷം പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് വീണ്ടും സമർപ്പിച്ച വിദ്യാർത്ഥികളുടെ അപേക്ഷകൾ പോലും അധികൃതർ വീണ്ടും തള്ളിക്കളയുകയാണ്. ഇമിഗ്രേഷൻ വകുപ്പിലെ ജീവനക്കാരുടെ കുറവും ഡിജിറ്റൽ സംവിധാനങ്ങളുടെ പോരായ്മയും കാരണം മികച്ച യോഗ്യതയുണ്ടായിട്ടും നിരവധി വിദ്യാർത്ഥികൾക്ക് കാനഡ വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന അവസ്ഥയാണിപ്പോഴുള്ളത്.
