കെബെക്ക് സിറ്റി: ഒരു വർഷം മുൻപ് കെബെക്കിലേക്ക് നടത്തിയ സ്കീയിംഗ് യാത്രയ്ക്കിടെ കാണാതായ ഒന്റാരിയോ സ്വദേശിയായ യുവാവിനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ ഈ വാരാന്ത്യത്തിൽ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു. 22 കാരനായ ലിയാം ടോമനെ കണ്ടെത്തുന്നതിനായാണിത്. സന്നദ്ധപ്രവർത്തകരുടെ സംഘങ്ങളും ‘സാർകാൻ K9’ എന്ന പ്രത്യേക പരിശീലനം ലഭിച്ച തിരച്ചിൽ നായ്ക്കളുടെ വിഭാഗവും ഈ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. മാധ്യമങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പിന്തുണയ്ക്ക് ലിയാമിന്റെ മാതാവ് കാത്ലീൻ ടോമൻ നന്ദി രേഖപ്പെടുത്തി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവർക്കും സുരക്ഷാ പ്രോട്ടോക്കോളുകൾ നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2025 ഫെബ്രുവരി 2-നാണ് സുഹൃത്തുക്കൾക്കൊപ്പം മോണ്ട്-ട്രെംബ്ലന്റിലേക്ക് പോയ ലിയാം ടോമനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ 2025 മാർച്ചിൽ ഇയാളുടെ വാലറ്റ് സമീപത്തുള്ള ഒരു പാർക്കിംഗ് ലോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതിനുശേഷം മറ്റ് സൂചനകളൊന്നും ലഭിച്ചില്ല.

ലിയാമിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ജനശ്രദ്ധയിൽ നിലനിർത്തുന്നതിനായി കുടുംബം ഒരു ‘ബ്ലൂ റിസ്റ്റ്ബാൻഡ്’ കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്. പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആളുകൾ ഈ നീല കൈത്തണ്ട ബാൻഡുകൾ ധരിക്കണമെന്നും, ഇതുവഴി ലിയാമിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തങ്ങൾക്ക് സംഭവിച്ച ദുരന്തം ഇനി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്ന് ലിയാമിന്റെ മാതാവ് കൂട്ടിച്ചേർത്തു. ലിയാമിനെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കായി 50,000 ഡോളർപ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം മേയ് 20-ഓടെ പ്രതിഫല തുകയുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നുവെങ്കിലും, “ലിയാമിനെ വീട്ടിൽ തിരിച്ചെത്തിക്കുന്നത് വരെ” ഈ വാഗ്ദാനം നിലനിൽക്കുമെന്നും കുടുംബം അറിയിച്ചു.
