തായ്പേയ്: തായ്വാനിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഒരു പ്രചാരണ ബോർഡ് വൻ വിവാദത്തിനും വംശീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. തെക്കൻ തായ്വാനിലെ കാവോസിയുങ് നഗരത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ലീ ഹങ്-യി ആണ് ഇന്ത്യൻ വിരുദ്ധത നിറഞ്ഞ ബോർഡ് സ്ഥാപിച്ചത്. ഇന്ത്യൻ ദേശീയ പതാകയ്ക്കും തലപ്പാവ് ധരിച്ച പുരുഷന്റെ ചിത്രത്തിനും മുകളിൽ ‘നിരോധന ചിഹ്നം’ (No Symbol) രേഖപ്പെടുത്തിയ നിലയിലായിരുന്നു ഈ ബിൽബോർഡ്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ തായ്വാനിൽ പ്രവേശിപ്പിക്കുന്നതിനോടുള്ള തന്റെ എതിർപ്പ് പ്രകടിപ്പിക്കാനാണ് ഇതെന്നാണ് സ്ഥാനാർത്ഥിയുടെ വാദം. എന്നാൽ, നഗ്നമായ വംശീയ അധിക്ഷേപമാണ് ഇതെന്ന വിമർശനവുമായി തായ്വാനിലെ ഇന്ത്യൻ സമൂഹവും പ്രാദേശിക രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.
തൊഴിലാളി ക്ഷാമം പരിഹരിക്കാനായി 2024-ൽ ഇന്ത്യയും തായ്വാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ (MoU) പശ്ചാത്തലത്തിലാണ് ഈ വംശീയ പ്രചാരണം. ഈ പദ്ധതി പ്രകാരം 2026-ൽ പൈലറ്റ് ഘട്ടമായി ഏകദേശം 1,000 ഇന്ത്യൻ തൊഴിലാളികളെ തായ്വാനിൽ എത്തിക്കാൻ തൊഴിൽ മന്ത്രാലയം നടപടികൾ പൂർത്തിയാക്കി വരികയാണ്. ടിഎസ്എംസി (TSMC), ഫോക്സ്കോൺ തുടങ്ങിയ ലോകോത്തര ഹൈടെക് കമ്പനികളിൽ അയ്യായിരത്തിലധികം ഇന്ത്യൻ വിദഗ്ദ്ധർ നിലവിൽ തായ്വാന്റെ വളർച്ചയ്ക്കായി ജോലി ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവാസി സമൂഹം ഈ ബോർഡിനെതിരെ പ്രതിഷേധിക്കുന്നത്. ഇന്ത്യയുടെ പതാകയെയും സംസ്കാരത്തെയും അപമാനിച്ച സ്ഥാനാർത്ഥിയുടെ നടപടി ‘ശുദ്ധ അജ്ഞത’ യാണെന്ന് പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ന്യൂ പവർ പാർട്ടിയും വിമർശിച്ചു.

അതേസമയം, ഇന്ത്യൻ തൊഴിലാളികളെ പ്രവേശിപ്പിക്കുന്നതിനെതിരെ തായ്വാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ചൈനീസ് നാഷണലിസ്റ്റ് പാർട്ടി (KMT) പാർലമെന്റിൽ നിരന്തരമായി ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകളാണ് ഇത്തരം വംശീയ പ്രചാരണങ്ങൾക്ക് വളമാകുന്നത്. ഇന്ത്യയിലെ ചില ക്രൈം റെക്കോർഡ്സ് വിവരങ്ങൾ ഉദ്ധരിച്ച്, ഇന്ത്യൻ തൊഴിലാളികളുടെ വരവ് രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ, പ്രായമാകുന്ന ജനസംഖ്യയും കടുത്ത തൊഴിലാളി ക്ഷാമവും നേരിടുന്ന തായ്വാന് ഇന്ത്യൻ തൊഴിലാളികൾ അനിവാര്യമാണെന്ന് സർക്കാർ ആവർത്തിക്കുന്നു. വ്യവസായ മേഖലകൾ ഈ തീരുമാനത്തെ പിന്തുണയ്ക്കുമ്പോഴും, ഒരു തദ്ദേശ തിരഞ്ഞെടുപ്പ് ബോർഡ് ഈ കുടിയേറ്റ ചർച്ചകളെ വംശീയ അധിക്ഷേപത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
