ടൊറന്റോ: ഒന്റാരിയോയിലെ സർക്കാർ സ്ഥാപനങ്ങളിലും പൊലീസിലും ചൈനീസ് നിർമ്മിത ഡ്രോണുകൾ ഉപയോഗിക്കുന്നതും ഇനി പുതിയവ വാങ്ങുന്നതും നിരോധിക്കാൻ പ്രവിശ്യാ സർക്കാർ. ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വഴി രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചോർന്നേക്കാം എന്ന സുരക്ഷാ ആശങ്കയെത്തുടർന്നാണ് ഫോർഡ് സർക്കാരിന്റെ ഈ അടിയന്തര നടപടി. പൊലീസിന്റെ സുപ്രധാന പ്രവർത്തനങ്ങളിൽ ചൈനീസ് ഡ്രോണുകളുടെ ഉപയോഗം ഉടനടി നിരോധിച്ചതായും, മറ്റ് സർക്കാർ വകുപ്പുകളിൽ നിന്ന് ഇവ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ചൈനയിലെ നിയമപ്രകാരം അവിടെയുള്ള കമ്പനികൾ ശേഖരിക്കുന്ന വിവരങ്ങൾ ചൈനീസ് സർക്കാരിന് കൈമാറാൻ ബാധ്യസ്ഥരാണ്. പൊലീസ് പ്രവർത്തനങ്ങൾ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, മറ്റ് സുരക്ഷാ നിരീക്ഷണങ്ങൾ എന്നിവയ്ക്ക് ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വലിയ ഭീഷണിയാണെന്ന് ഒന്റാരിയോ സർക്കാർ വിലയിരുത്തി. പ്രവിശ്യയുടെ സുരക്ഷയും ജനങ്ങളുടെ സ്വകാര്യതയും സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി സ്റ്റീഫൻ ക്രോഫോർഡ് അറിയിച്ചു.

ചൈനീസ് ഡ്രോണുകൾക്ക് പകരം കാനഡയിലോ മറ്റ് സുരക്ഷിത രാജ്യങ്ങളിലോ നിർമ്മിച്ച ഡ്രോണുകളായിരിക്കും ഇനി ഒന്റാരിയോയിൽ ഉപയോഗിക്കുക. കനേഡിയൻ സായുധ സേനയും അമേരിക്കയും ഉൾപ്പെടെയുള്ള പ്രമുഖ ഏജൻസികൾ നേരത്തെ തന്നെ ചൈനീസ് ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഡ്രോണുകൾ ഘട്ടംഘട്ടമായി മാറ്റുന്നത് പൊലീസിന്റെ അടിയന്തര പ്രവർത്തനങ്ങളെ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
