ഓട്ടവ: ഗാസയിലേക്ക് സഹായവുമായി പോയ ഫ്ലോട്ടില്ല തടഞ്ഞുനിർത്തി അതിലുണ്ടായിരുന്ന പ്രവർത്തകരോട് ഇസ്രയേൽ കാണിച്ച സമീപനം അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രയേലിന്റെ ഈ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കാനഡ, തടവിലാക്കപ്പെട്ട കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധം അറിയിക്കാൻ ഇസ്രയേൽ അംബാസഡർ ഇദ്ദോ മോദിനെ കാനഡ അടിയന്തരമായി വിളിച്ചുവരുത്തിയിട്ടുണ്ട്.
സൈപ്രസിന് സമീപം അന്താരാഷ്ട്ര കടലിൽ വെച്ച് ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’യുടെ 41 ബോട്ടുകൾ ഇസ്രയേൽ നാവികസേന തടയുകയും നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ 12 കനേഡിയൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത സമാധാന പ്രവർത്തകരെ കൈകൾ പിന്നോട്ട് കെട്ടി നിലത്തു മുട്ടുകുത്തി നിർത്തിയിരിക്കുന്നതിന്റെയും, അവർ ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതമർ ബെൻ-ഗ്വീർ ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ വിഡിയോ തികച്ചും അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു.

സാധാരണക്കാരോട് ഇസ്രയേൽ കാണിച്ച ഈ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ തുർക്കി, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ മന്ത്രി ബെൻ-ഗ്വീറിന്റെ വിവാദപരമായ ഈ നടപടിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിഡിയൻ സാറും തള്ളിപ്പറഞ്ഞു. ഹമാസ് അനുകൂലികളുടെ കപ്പലുകൾ തടയാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ നെതന്യാഹു, എന്നാൽ സമാധാന പ്രവർത്തകരോട് ബെൻ-ഗ്വീർ പെരുമാറിയ രീതി ഇസ്രയേലിന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് കൂട്ടിച്ചേർത്തു.
