Wednesday, May 20, 2026

രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍; ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ കടുത്ത പ്രതിസന്ധികളെത്തുടര്‍ന്ന് യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച രേഖപ്പെടുത്തി. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 96.90 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. പശ്ചിമേഷ്യയില്‍ ഇറാന്‍ യുദ്ധം ആരംഭിച്ച കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ഇതുവരെ മാത്രം രൂപയുടെ മൂല്യത്തില്‍ ആറ് ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കാനും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനുമായി വിദേശത്തു നിന്നുള്ള ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

അമേരിക്ക-ഇറാന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയരുമെന്ന ഭീതി നിലനില്‍ക്കുന്നതാണ് ഇന്ത്യയ്ക്കും തിരിച്ചടിയാകുന്നത്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 50 ശതമാനത്തിലധികം വര്‍ധനവാണ് ഇതിനകം രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ ഉയരുകയും രാജ്യത്തെ വ്യാപാര കമ്മി വലിയ രീതിയില്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ 20.7 ബില്യണ്‍ ഡോളറായിരുന്ന വ്യാപാര കമ്മി ഏപ്രില്‍ മാസത്തില്‍ 28.4 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. ഇതിനുപുറമെ, ആഗോള അസ്ഥിരത കണക്കിലെടുത്ത് വിദേശ നിക്ഷേപകര്‍ ഫെബ്രുവരി മുതല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളും കടപ്പത്രങ്ങളും പിന്‍വലിച്ചതും രൂപയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടി.

നിലവിലെ കടുത്ത സാമ്പത്തിക സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ധനമന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ അടുത്തയാഴ്ച അടിയന്തര യോഗം ചേരും. ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കാനും അവയ്ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ (customs duty) ഏര്‍പ്പെടുത്താനും മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാകും കൊണ്ടുവരിക. ഇതിന്റെ ഭാഗമായി സ്വര്‍ണ ഇറക്കുമതി കുറയ്ക്കാന്‍ ഇതിനകം തന്നെ തീരുവ കൂട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ വിദേശത്തുനിന്ന് കൊണ്ടുവരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഇറക്കുമതിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി തടഞ്ഞ് പ്രാദേശിക വ്യവസായങ്ങളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!