ഓട്ടവ: ഇൻഡിജിനസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനവും (UNDRIP) പ്രവിശ്യയിലെ ഖനന അവകാശ നിയമങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന മുൻ കോടതിവിധിക്കെതിരെ ബ്രിട്ടിഷ് കൊളംബിയ. സർക്കാർ നൽകിയ അപ്പീൽ ഹർജി കാനഡ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. പ്രവിശ്യയിലെ ‘ഡിക്ലറേഷൻ ഓൺ ദി റൈറ്റ്‌സ് ഓഫ് ഇൻഡിജീനസ് പീപ്പിൾസ് ആക്ട്’ പ്രകാരം യുഎൻ പ്രഖ്യാപനം ബിസി നിയമങ്ങളുടെ ഭാഗമാക്കണമെന്നും അതിന് ഉടനടി നിയമസാധുതയുണ്ടെന്നുമാണ് കഴിഞ്ഞ ഡിസംബറിൽ ബിസി അപ്പീൽ കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പ്രവിശ്യാ സർക്കാർ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചത്.
നിയമപരമായ വലിയൊരു മാതൃകയാണ് ഈ കേസിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇൻഡിജിനസ് സമൂഹങ്ങളായ Gitxaala, Ehattesaht എന്നീ വിഭാഗങ്ങൾ വ്യക്തമാക്കി. ബാധിക്കപ്പെടുന്ന ഇൻഡിജിനസ് കമ്മ്യൂണിറ്റിയുമായി മുൻകൂട്ടി യാതൊരു ചർച്ചയും നടത്താതെ തന്നെ, ഗവൺമെന്റ് ഭൂമിയിലെ ഖനന അവകാശങ്ങൾ രജിസ്റ്റർ ചെയ്യാൻ സ്വതന്ത്ര ഖനന തൊഴിലാളികളെ അനുവദിക്കുന്ന പ്രവിശ്യയിലെ ഓൺലൈൻ സംവിധാനം തെറ്റാണെന്നാണ് ഇവരുടെ വാദം. കമ്മ്യൂണിറ്റിയുമായി കൂടിയാലോചിക്കാനുള്ള ഗവൺമെന്റിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് നിലവിലെ ഈ ഓട്ടോമേറ്റഡ് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമെന്ന് ഇവർ കോടതിയിൽ വാദിച്ചു.

ഇൻഡിജിനസ് സമൂഹങ്ങളുമായുള്ള അനുരഞ്ജനത്തിന് വേണ്ടിയാണ് 2019 നവംബറിൽ ബി.സി ഗവൺമെന്റ് ഈ യു.എൻ പ്രഖ്യാപനം നിയമമാക്കിയത്. കാനഡയിലെ ഇൻഡിജിനസ് ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ഖനന മേഖലയ്ക്കും ഒരുപോലെ നിർണ്ണായകമായ ഈ കേസിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചതോടെ, പ്രവാസ ലോകവും ഈ നിയമയുദ്ധത്തെ ഏറെ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.
