ഓക്‌ലൻഡ്: ന്യൂസിലാൻഡിൽ ഗാർഡനിങ് ജോലികൾക്കിടെ മരക്കൊമ്പ് തലയിൽ വീണ് ഇന്ത്യൻ സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ടു. രാജസ്ഥാനിലെ ഗംഗാനഗർ സ്വദേശിയായ പരദീപ് സിങ് (33) ആണ് മരിച്ചത്. മെയ് 20-ാം തീയതി ഉച്ചകഴിഞ്ഞ് 3.15 ഓടെ നോർത്ത് ഐലൻഡിലെ കേംബ്രിഡ്ജ് റേസ്‌കോഴ്‌സ് റോഡിലുള്ള ഒരു വസതിയിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം മരത്തിന്റെ ശാഖകൾ വെട്ടിമാറ്റുന്നതിനിടയിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ പരദീപിനെ ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തര മെഡിക്കൽ സംഘം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ച് പ്രാദേശിക പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2023-ലാണ് പരദീപ് സിങ് ന്യൂസിലാൻഡിലേക്ക് കുടിയേറിയത്. അടുത്തിടെ വിവാഹിതനായ അദ്ദേഹത്തിന്റെ ഭാര്യ കമൽ, കഴിഞ്ഞ 2025 ഡിസംബറിലാണ് പാർട്ണർ വിസയിൽ ന്യൂസിലാൻഡിൽ എത്തിയത്. രാജസ്ഥാനിലെ പ്രായമായ പിതാവും തളർവാതം പിടിപെട്ട് കിടപ്പിലായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു പരദീപ്. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് പരദീപിന്റെ മരണവിവരം നാട്ടിലെ ബന്ധുക്കളെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ന്യൂസിലാൻഡിലെ പ്രവാസി സമൂഹം. പരദീപിന്റെ ഭൗതികദേഹം എത്രയും വേഗം ജന്മനാടായ രാജസ്ഥാനിലേക്ക് എത്തിക്കുന്നതിനും അന്ത്യകർമ്മങ്ങൾക്കുമായി സുഹൃത്തുക്കളുടെയും പ്രാദേശിക പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
