കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. മറ്റുള്ള പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ രണ്ട് പ്രതികളെ മണ്ണാർക്കാട് കോടതി വെറുതെവിട്ടിരുന്നു. ഈ പ്രതികൾ കുറ്റക്കാരാണെന്നും കോടതി. പ്രതികൾക്കെതിരെ എസ്‌സി-എസ്ടി പീഡന നിരോധന ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന വിചാരണ കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി റദ്ദാക്കി. ഇതോടെ പ്രതികളുടെ ശിക്ഷ ഉയർത്തും.
ശിക്ഷിക്കപ്പെട്ട പ്രതികളും മധുവിന്റെ കുടുംബവും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. വിചാരണനടപടികൾക്കുശേഷമാണ് ഹൈക്കോടതി വിധി പറയുന്നത്. പുതിയ വകുപ്പുകളിൽ കൂടി പ്രതികൾ കുറ്റക്കാരായതോടെ ശിക്ഷാവിധി ഉച്ചയ്ക്ക് 12:30ന് പ്രഖ്യാപിക്കും.

പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹികമാധ്യമത്തിൽ പങ്കുവെച്ചതാണ് പ്രധാന തെളിവായത്.
