ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിൽ പഴയതും ഉപയോഗശൂന്യവുമായ ടയറുകൾ യഥാസമയം നീക്കം ചെയ്യാത്തതിനാൽ പ്രാദേശിക മെക്കാനിക്കുകളും വർക്ക്‌ഷോപ്പ് ഉടമകളും കടുത്ത പ്രതിസന്ധിയിൽ. ടയറുകൾ റീസൈക്കിൾ ചെയ്യാനായി രൂപീകരിച്ച സർക്കാർ സംവിധാനത്തിന്റെ പോരായ്മയാണ് തങ്ങളെ ദുരിതത്തിലാക്കിയതെന്നാണ് ടൊറന്റോയിലെയും പരിസരപ്രദേശങ്ങളിലെയും വാഹന റിപ്പയറിംഗ് ഷോപ്പ് ഉടമകളുടെ പരാതി. സ്‌കർബ്‌റോയിലെ കിങ്സ്റ്റൺ റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതയോരങ്ങളിലെ വർക്ക്‌ഷോപ്പുകൾക്ക് മുന്നിൽ പഴയ ടയറുകളുടെ വലിയ കുന്നുകൾ തന്നെ രൂപപ്പെട്ടി രിക്കുകയാണ്. “കഴിഞ്ഞ 25 വർഷമായി ഞാൻ ഈ രംഗത്തുണ്ട്, എന്നാൽ ഇത്രയും മോശമായ ഒരു അവസ്ഥ മുൻപുണ്ടായിട്ടില്ല” എന്നാണ് ഓപ്റ്റിമം ഓട്ടോ സർവീസസ് ഉടമ ജോൺ റൂവാസിൻ്റെ അഭിപ്രായം. ഉപഭോക്താക്കൾക്കായി പുതിയ ടയറുകൾ വാങ്ങുമ്പോൾ ഇവ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി ‘ഇക്കോ ഫീ’ ഇനത്തിൽ ഒരു ടയറിന് 5 ഡോളർ വീതം വർക്ക്‌ഷോപ്പുകൾ നൽകാറുണ്ട്. എന്നാൽ പണം ഈടാക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ആറുമാസമായി ടയറുകൾ കൊണ്ടുപോകാൻ റീസൈക്ലിംഗ് കമ്പനികളിൽ നിന്ന് ആരും എത്തുന്നില്ലെന്നാണ് ഇവരുടെ പരാതി.

കുന്നുകൂടിക്കിടക്കുന്ന ടയറുകൾക്കിടയിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നത് കടുത്ത ആരോഗ്യഭീഷണിയുയർത്തുന്നതാണ് പ്രധാന ആശങ്ക. വർക്ക് ഷോപ്പുകൾക്ക് മുന്നിലുള്ള പാർക്കിംഗ് സ്ഥലങ്ങൾ പോലും ടയറുകൾ കൈയടക്കിയതോടെ ജോലി ടസ്സപ്പെടുന്നു എന്നും പരാതി ഉയർന്നിട്ടുണ്ട്. രാത്രികാലങ്ങളിൽ ആളുകൾ വന്ന് തങ്ങളുടെ ഷോപ്പുകൾക്ക് മുന്നിൽ പഴയ ടയറുകൾ ഉപേക്ഷിക്കുന്നതായും ഉടമകൾ പരാതിപ്പെടുന്നു. ഒന്റാരിയോയിലെ ടയർ നിർമ്മാർജ്ജന നിയമങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ‘റിസോഴ്സ് പ്രൊഡക്റ്റിവിറ്റി ആൻഡ് റിക്കവറി അതോറിറ്റി’ യും ഈ വൈകൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2024-ൽ ഒന്റാരിയോയുടെ ടയർ ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണം. ടയറുകൾ റീസൈക്കിൾ ചെയ്യാൻ കരാറെടുത്തിട്ടുള്ള കമ്പനികളുടെ ഉത്തരവാദിത്തങ്ങളിൽ ഇളവ് വരുത്തിയതാണ് നിലവിലെ സംവിധാനത്തെ താറുമാറാക്കിയത്. അതേ സമയം പ്രശ്നം ഗുരുതരമാണെന്ന് സമ്മതിച്ച് ഒന്റാരിയോ പരിസ്ഥിതി മന്ത്രാലയവും രംഗത്തെത്തി. 50-ൽ അധികം ടയറുകൾ ശേഖരിച്ചു വെച്ചിട്ടുള്ള ഏത് സ്ഥലത്തുനിന്നും കമ്പനികൾ അവ നിർബന്ധമായും എടുത്തുമാറ്റണമെന്നും മൂന്ന് മാസത്തിനകം റീസൈക്കിൾ ചെയ്യണമെന്നുമുള്ള കർശന നിയമം കൊണ്ടുവരാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കുള്ള 1 മില്യൺ ഡോളറിന്റെ പിഴ പരിധി എടുത്തുമാറ്റി കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
