വൻകൂവർ: മെട്രോ വൻകൂവർ റീജിയണൽ ഡിസ്ട്രിക്റ്റിന് കീഴിലുള്ള അഞ്ച് പ്രധാന വെയ്സ്റ്റ് വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാന്റുകളിലെ ജീവനക്കാർ പണിമുടക്ക് തുടങ്ങി. മാനേജ്മെന്റുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ‘ഗ്രേറ്റർ വാൻകൂവർ റീജിയണൽ ഡിസ്ട്രിക്റ്റ് എംപ്ലോയീസ് യൂണിയൻ’ (GVRDEU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച യൂണിയൻ 72 മണിക്കൂർ സമരം നോട്ടീസ് നൽകിയിരുന്നു. ഞായറാഴ്ച ഓവർടൈം ബഹിഷ്കരിച്ചുകൊണ്ട് ആരംഭിച്ച സമരം തിങ്കളാഴ്ച പുലർച്ചെയോടെ പൂർണ്ണ പണിമുടക്കിലേക്ക് വഴിമാറുകയായിരുന്നു. യാതൊരു മുൻവ്യവസ്ഥകളും ഇല്ലാതെ മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യം. തങ്ങളുടെ അവസാന നിലപാട് അംഗീകരിച്ചാൽ മാത്രമേ ചർച്ചയ്ക്കുള്ളൂ എന്ന മാനേജ്മെന്റിന്റെ വാശി ചർച്ചകളെ അട്ടിമറിക്കുകയാണെന്ന് ജി.വി.ആർ.ഡി.ഇ.യു (GVRDEU) പ്രസിഡന്റ് ജെസ്സി മെദീറോസ് കുറ്റപ്പെടുത്തി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക, കരാർ അടിസ്ഥാനത്തിൽ പുറത്തുനിന്നുള്ളവർക്ക് ജോലി നൽകുന്നത് തടയുക, പുതിയ ജീവനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സമരം ശക്തമാക്കാനാണ് യൂണിയന്റെ തീരുമാനം. ലോന ഐലൻഡ്, ലുലു ഐലൻഡ്, ലയൺസ് ഗേറ്റ്, നോർത്ത് വെസ്റ്റ് ലാംഗ്ലി, അനാസിസ് ഐലൻഡ് തുടങ്ങിയ അഞ്ച് പ്രധാന വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിലെയും അനുബന്ധ വെയർഹൗസുകളിലെയും ജീവനക്കാരാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

റീജിയണൽ പാർക്കുകൾ, കുടിവെള്ള-അഴുക്കുചാൽ സംവിധാനങ്ങൾ, വിവിധ നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയിലെല്ലാം യൂണിയൻ അംഗങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും, പുതിയ കൂട്ടായ കരാർ ഒപ്പിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ഈ മേഖലകളെയും ബാധിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. നിർമ്മാണം പൂർത്തിയാകാത്ത നോർത്ത് ഷോർ പ്ലാന്റിന്റെ ചിലവ് കോടിക്കണക്കിന് ഡോളർ വർധിച്ചതും മാനേജ്മെന്റിന്റെ പരാജയമായി യൂണിയൻ ചൂണ്ടിക്കാണിക്കുന്നു. നികുതിദായകർ ഇതിനായി വലിയ തുക അടുത്ത 30 വർഷത്തേക്ക് നൽകേണ്ടി വരുമ്പോൾ മാനേജ്മെന്റ് സ്വന്തം ശമ്പളവും തസ്തികകളും വർധിപ്പിക്കു കയാണെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു. ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
