കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട ഒൻപത് വർഷം ദുരിതമനുഭവിച്ച ഹർഷിനക്ക് ഒടുവിൽ നീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് ഓഫീസ് അറ്റൻഡറായി ജോലിയിൽ പ്രവേശിച്ചു. തനിക്ക് പൂർണ്ണ നീതി ലഭിച്ചെന്നും അവഗണിച്ചവർക്കും പുച്ഛിച്ചവർക്കും ഉള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹർഷിന. സമരസമിതി നേതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ജോലിയിൽ പ്രവേശിക്കാനെത്തിയത്.

കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ പാലിച്ചു. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോൾ തോന്നി. ഒടുവിൽ സത്യം വിജയിച്ചു, തനിക്ക് നീതി ലഭിച്ചു. തുടർ ചികിത്സ സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഹർഷിന വ്യക്തമാക്കി.വർഷങ്ങളായി സമര പോരാട്ടത്തിലായിരുന്ന ഹർഷിനക്ക് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് ജോലി നൽകിയത്. ആശുപത്രി വികസന സമിതി വഴി സ്ഥിര നിയമനമാണ്.
