Wednesday, May 27, 2026

8,500 ഹെക്ടറോളം കത്തി നശിച്ചു; നോവസ്‌കോഷയിലെ കാട്ടുതീ പൂര്‍ണ്ണമായും അണച്ചു

നോവസ്‌കോഷ: നോവ സ്‌കോഷയിലുണ്ടായ അനാപൊളിസ് വാലി (Annapolis Valley) കാട്ടുതീ പൂര്‍ണ്ണമായും അണച്ചതായി കനേഡിയന്‍ പ്രകൃതിവിഭവ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പകുതിയോടെ വെസ്റ്റ് ഡല്‍ഹൗസി മേഖലയിലുണ്ടായ ഈ കാട്ടുതീ 8,500 ഹെക്ടറിലധികം വനഭൂമിയാണ് വിഴുങ്ങിയത്. വന്‍ നാശനഷ്ടമുണ്ടാക്കിയ തീ സെപ്റ്റംബര്‍ അവസാനത്തോടെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇക്കൊല്ലം മെയ് അവസാന വാരത്തോടെ മാത്രമാണ് ഇത് പൂര്‍ണ്ണമായും അണഞ്ഞതായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തെ തീപിടുത്തത്തില്‍ ഇരുപതോളം വീടുകള്‍ പൂര്‍ണ്ണമായി നശിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്ത് സജീവമായി ഉണ്ടായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ രാത്രി സമയങ്ങളില്‍ ഇന്‍ഫ്രാറെഡ് സ്‌കാനറുകള്‍ ഘടിപ്പിച്ച അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആകാശനിരീക്ഷണത്തിലാണ് പ്രദേശത്ത് എവിടെയും ചൂടിന്റെ സാന്നിധ്യമില്ലെന്നും തീ പൂര്‍ണ്ണമായും അണഞ്ഞുവെന്നും സ്ഥിരീകരിച്ചത്.

പടിഞ്ഞാറന്‍ കാനഡയില്‍ മഞ്ഞിനടിയിലും ഭൂമിക്കടിയിലുമായി ശീതകാലം മുഴുവന്‍ കനലുകള്‍ അവശേഷിക്കുന്ന ‘ഹോള്‍ഡ് ഓവര്‍ തീപിടുത്തങ്ങള്‍’ (Holdover fires) സാധാരണമാണെങ്കിലും നോവസ്‌കോഷയില്‍ ഇതുവരെ അത്തരം പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വൈല്‍ഡ് ഫയര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ജിം റുഡ്ഡര്‍ഹാം വ്യക്തമാക്കി. ഈ വര്‍ഷത്തെ കാട്ടുതീ സീസണ്‍ ഇതിനകം ആരംഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീ സംഭവങ്ങള്‍ കൂടുതലാണെന്നും ഇവയെല്ലാം തന്നെ മനുഷ്യന്റെ അശ്രദ്ധ കാരണം ഉണ്ടായതാണെന്നും റുഡ്ഡര്‍ഹാം ചൂണ്ടിക്കാട്ടി. മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അനാപൊളിസ് കൗണ്ടി വാര്‍ഡന്‍ ഡയാന്‍ ലെ ബ്ലാങ്ക് അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!