മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍ കനേഡിയന്‍സിന്റെ മത്സരങ്ങളുടെ പബ്ലിക് സ്‌ക്രീനിങ് വിലക്കയതിനെതിരെ കെബെക്ക് രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. മത്സരങ്ങള്‍ ഔട്ടാവേ (Outaouais) മേഖലയില്‍ പരസ്യമായി വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കെബെക്കിലെ പ്രവിശ്യാ നേതാക്കള്‍ ഐക്യകണ്‌ഠേന പാസാക്കി. നാഷണല്‍ ഹോക്കി ലീഗ് പ്ലേ ഓഫ് മത്സരങ്ങളില്‍ അവശേഷിക്കുന്ന ഏക കനേഡിയന്‍ ടീമാണ് മണ്‍ട്രിയോള്‍ കനേഡിയന്‍സ്.
ഈ വരുന്ന ശനിയാഴ്ച ഗാറ്റിനോയിലെ (Gatineau) സ്ലഷ് പപ്പി സെന്ററില്‍ (Slush Puppie Centre), കരോലിന ഹറിക്കെയ്ന്‍സിനെതിരായ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലിന്റെ ഒന്നാം മത്സരം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു. ചാരിറ്റി ഫണ്ട് ശേഖരണത്തിനായി നടത്തിയ ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചതിന് പിന്നാലെയാണ് എന്‍എച്ച്എല്‍ ഇടപെട്ട് സ്‌ക്രീനിങ് റദ്ദാക്കിയത്. മത്സരങ്ങളുടെ തത്സമയ ഫ്രഞ്ച് സംപ്രേഷണാവകാശമുള്ള ടിവിഎ സ്‌പോര്‍ട്‌സിന്റെ (TVA Sports) അനുമതി സംഘാടകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പ്രസ്തുത പ്രദേശം മറ്റൊരു പ്രമുഖ ടീമായ ഓട്ടവ സെനറ്റേഴ്‌സിന്റെ (Ottawa Senators) ഹോം ടെറിട്ടറിയുടെ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എച്ച്എല്‍ വിലക്കേര്‍പ്പെടുത്തിയത്.

ഓട്ടവ സെനറ്റേഴ്‌സിന്റെ സ്റ്റേഡിയത്തിന് ചുറ്റുമുള്ള 80 കിലോമീറ്റര്‍ പരിധിയില്‍ മറ്റ് ടീമുകളുടെ പ്രമോഷനുകളോ വലിയ ഒത്തുചേരലുകളോ പാടില്ലെന്ന നിയമമാണ് ഇതിനായി എന്‍എച്ച്എല്‍ മുന്നോട്ടുവെച്ചത്. വലിയ തോതിലുള്ള ഇത്തരം സ്‌ക്രീനിങ്ങുകള്‍ക്ക് ലീഗിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും സംഘാടകര്‍ അത് വാങ്ങിയിരുന്നില്ലെന്നും എന്‍എച്ച്എല്‍ വ്യക്തമാക്കി.
കെബെക്ക് നാഷണല്‍ അസംബ്ലിയില്‍ പാര്‍ട്ടി കെബെക്കോയിസ് സ്‌പോര്‍ട്‌സ് ക്രിട്ടിക് പാസ്‌കല്‍ ബെറൂബെ അവതരിപ്പിച്ച പ്രമേയം വലിയ കൈയടിയോടെയാണ് സഭ പാസാക്കിയത്. എന്‍എച്ച്എല്ലിന്റെ ഈ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിലക്കിനെതിരെ ഇതിനകം ഏഴായിരത്തിയറുനൂറിലധികം ആളുകള്‍ ഒപ്പിട്ട ജനകീയ ഹര്‍ജിയും ലീഗിന് സമര്‍പ്പിച്ചിട്ടുണ്ട്.
നിലവില്‍ കരോലിന ഹറിക്കെയ്ന്‍സ് പരമ്പരയില്‍ 2-1 ന് മുന്നിലാണ്. പരമ്പരയിലെ നാലാം മത്സരം ബുധനാഴ്ച രാത്രി മണ്‍ട്രിയോളില്‍ നടക്കും. നാല് മത്സരങ്ങള്‍ ജയിക്കുന്ന ടീം സ്റ്റാന്‍ലി കപ്പ് ഫൈനലില്‍ വേഗാസിനെ നേരിടും.
