ഓട്ടവ: വരും ദശകത്തിൽ പ്രവിശ്യയിലെ പ്രതിരോധ വ്യവസായ മേഖലയെ വികസിപ്പി ക്കുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ പദ്ധതി പ്രഖ്യാപിച്ച് ഒന്റാരിിയോ പ്രീമിയർ ഡഗ് ഫോർഡ്. ഓട്ടവയിൽ നടക്കുന്ന രാജ്യാന്തര പ്രതിരോധ പ്രദർശനമായ ‘കാൻസെക്’ (CANSEC)-ൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഈ പുതിയ പ്രഖ്യാപനം നടത്തിയത്. ഈ പുതിയ വികസന പദ്ധതിയിലൂടെ ഒന്റാരിയോയിൽ 43,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, 2035-ഓടെ പ്രവിശ്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് 6 ബില്യൺ ഡോളറിന്റെ സംഭാവന നൽകാൻ ഇതിനാകുമെന്നും ഡഗ് ഫോർഡ് വ്യക്തമാക്കി. കൂടാതെ, പ്രവിശ്യാ സർക്കാരിലേക്ക് പ്രതിവർഷം 400 മില്യൺ ഡോളറിന്റെ നികുതി വരുമാനവും ഇതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാനഡയും അതിന്റെ സഖ്യകക്ഷികളും തങ്ങളുടെ ദേശീയ സുരക്ഷാ പദ്ധതികളിൽ വൻതോതിൽ നിക്ഷേപം നടത്താനൊരുങ്ങുന്ന ഈ സാഹചര്യത്തിൽ, ഒന്റാരിയോയുടെ സാങ്കേതിക-വ്യവസായ കരുത്ത് പ്രവിശ്യയ്ക്ക് വലിയൊരു അവസരമാണ് തുറന്നുനൽകുന്നതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര-രാജ്യാന്തര പ്രതിരോധ വിതരണ ശൃംഖലകളിൽ വിശ്വസ്തനായ ഒരു പങ്കാളിയായി മാറാൻ ഒന്റാരിയോയ്ക്ക് ഇതിലൂടെ സാധിക്കും.

കാനഡ വരും ദശകത്തിൽ തങ്ങളുടെ പ്രതിരോധ ബജറ്റ് 3.5 ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ജൂണിൽ നാറ്റോ (NATO) സഖ്യകക്ഷികൾക്ക് ഉറപ്പുനൽകിയിരുന്നു. കൂടാതെ ജി.ഡി.പി.യുടെ (GDP) 1.5 ശതമാനം തുക ഗതാഗത ഇൻഫ്രാസ്ട്രക്ചർ വികസനം, അടിയന്തിര ഘട്ടങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയ പ്രതിരോധ അനുബന്ധ മേഖലകൾക്കായി മാറ്റിവെക്കുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റിൽ അടുത്ത അഞ്ച് വർഷത്തേക്ക് 81.8 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപമാണ് കാർണി സർക്കാർ പ്രഖ്യാപിച്ചത്.നാറ്റോ അംഗരാജ്യങ്ങളുടെയും മറ്റ് സഖ്യകക്ഷികളുടെയും പ്രതിരോധ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പുതുതായി രൂപീകരിക്കുന്ന ‘ഡിഫൻസ്, സെക്യൂരിറ്റി ആൻഡ് റീസിലിയൻസ് ബാങ്ക്’ ആതിഥേയത്വം വഹിക്കാൻ കാനഡയെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഈ അന്താരാഷ്ട്ര ബാങ്കിന്റെ ആസ്ഥാനം ഏത് നഗരത്തിലായിരിക്കണം എന്ന് ഫെഡറൽ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. ടൊറന്റോ, മൺട്രിയോൾ, ഓട്ടവ, വൻകൂവർ എന്നീ പ്രമുഖ നഗരങ്ങളാണ് ഈ ബാങ്കിന്റെ ആസ്ഥാനത്തിനായി മത്സരരംഗത്തുള്ളത്.
