ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകളിലൊന്നായ അന്തർവാഹിനി നിർമ്മാണത്തിനായുള്ള ബിഡ്ഡിംഗിൽ ദക്ഷിണ കൊറിയയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തി ജർമ്മനി. തങ്ങളുടെ അത്യാധുനിക ‘ടൈപ്പ് 212-സിഡി’ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തെ നാലെണ്ണം 2036-ഓടെ കാനഡയ്ക്ക് കൈമാറാമെന്ന് ജർമ്മനി ഔദ്യോഗികമായി സമ്മതിച്ചു. ഓട്ടവയിൽ നടക്കുന്ന ‘കാൻസെക്’ പ്രതിരോധ പ്രദർശനത്തിനിടെയാണ് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഉപയോഗിക്കുന്ന വിക്ടോറിയ ക്ലാസ് അന്തർവാഹിനികൾ 2035-ഓടെ പൂർണ്ണമായും സേവനമൊഴിയുന്ന പശ്ചാത്തലത്തിലാണ് അടിയന്തരമായി പുതിയത് വാങ്ങാൻ കാനഡ തീരുമാനിച്ചത്. 2035-ഓടെ നാല് ‘കെ.എസ്.എസ്-3’ (KSS-III) അന്തർവാഹിനികൾ നൽകാമെന്ന ദക്ഷിണ കൊറിയയുടെ വാഗ്ദാനത്തെ വെല്ലുവിളിക്കുന്നതാണ് ജർമ്മനിയുടെ പുതിയ പ്രഖ്യാപനം.

നേരത്തെ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധിയുടെ കാര്യത്തിൽ ജർമ്മൻ കമ്പനിയായ TKMS (ThyssenKrupp Marine Systems) അൽപ്പം പിന്നിലായിരുന്നു. എന്നാൽ കാനഡയുടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജർമ്മനിയും പങ്കാളിയായ നോർവേയും വലിയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് പുതിയ വാഗ്ദാനം. ഇരു രാജ്യങ്ങളും തങ്ങളുടെ സ്വന്തം നാവികസേനകൾക്കായി ഓർഡർ ചെയ്തിരുന്ന രണ്ട് അന്തർവാഹിനികൾ കാനഡയ്ക്കായി വിട്ടുനൽകും. ഇതിലൂടെ നിർമ്മാണ മുൻഗണനാ പട്ടികയിൽ കാനഡയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ കപ്പലുകൾ ലഭ്യമാക്കാൻ സാധിക്കുകയും ചെയ്യും. നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി അറിയിച്ചു. പ്രതിരോധ മേഖലയ്ക്ക് പുറമെ രാജ്യത്തിൻ്റെ സമ്പദ്വ്യവസ്ഥയ്ക്ക് വൻ ഉത്തേജനം നൽകുന്ന വാഗ്ദാനങ്ങളാണ് ജർമ്മനി മുന്നോട്ട് വെക്കുന്നത്. ഏകദേശം 86 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് ഇതിന്റെ ഭാഗമായി വരുന്നത്. ആൽബർട്ടയിൽ അത്യാധുനിക കാർബൺ ക്യാപ്ചർ സൗകര്യം, മാനിറ്റോബയിലെ പോർട്ട് ഓഫ് ചർച്ചിൽ വലിയൊരു എൽ.എൻ.ജി (LNG) കയറ്റുമതി കേന്ദ്രമാക്കി മാറ്റാനുള്ള നിക്ഷേപം, കാനഡയുടെ ഇരു തീരങ്ങളിലും അന്തർവാഹിനി അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ടോർപ്പിഡോ ഫാക്ടറി, ഹൈപ്പർസോണിക് മിസൈൽ വികസനം എന്നിവയാണവ.

ദക്ഷിണ കൊറിയൻ കമ്പനിയായ ഹൻവ ഓഷ്യനും സമാനമായ സാമ്പത്തിക പാക്കേജുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തങ്ങളുടെ ഒരു അന്തർവാഹിനി നേരിട്ട് കാനഡയിലെത്തിച്ച് അവർ ശക്തമായ പ്രചാരണവും നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും അന്തർ വാഹിനികൾ കാനഡയുടെ നാവികസേനയുടെ സാങ്കേതിക ആവശ്യങ്ങൾക്ക് അനുയോജ്യ മാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതിരോധ സംഭരണ മന്ത്രി സ്റ്റീഫൻ ഫൂറും വ്യക്തമാക്കിയിട്ടുണ്ട്. വെറുമൊരു സൈനിക കരാർ എന്നതിനപ്പുറം രാജ്യത്തിൻ്റെ ദീർഘകാല സാമ്പത്തിക നേട്ടങ്ങളും തന്ത്രപ്രധാനമായ നാറ്റോ സഖ്യത്തിന്റെ ഭാവിയും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം. അടുത്ത ഒരു മാസത്തിനുള്ളിൽ കാനഡ തങ്ങളുടെ പങ്കാളിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
