Thursday, May 28, 2026

ലോകകപ്പ്‌; സ്‌റ്റേഡിയത്തിൽ കടുത്ത സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ

ടൊറന്റോ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് ടൊറന്റോ നഗരം ഉണരുമ്പോൾ, സ്റ്റേഡിയങ്ങളിൽ കടുത്ത സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ. ടൊറന്റോ സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് മദ്യം വാങ്ങണമെങ്കിൽ ഇനി ‘പാസ്‌പോർട്ട്’ നിർബന്ധമാണ്. ഫിഫ പുറത്തിറക്കിയ ‘നോ ബിഫോർ യു ഗോ’ എന്ന മാർഗ്ഗനിർദ്ദേശത്തിലാണ് ഈ കർശന നിയമങ്ങളുള്ളത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസുകളോ, ദേശീയ തിരിച്ചറിയൽ കാർഡുകളോ മദ്യം വാങ്ങുന്നതിനായി പ്രായം തെളിയിക്കാൻ സ്വീകരിക്കില്ല. സാധുതയുള്ള ഒറിജിനൽ പാസ്‌പോർട്ട് മാത്രം കൈവശമുള്ളവർക്കേ സ്റ്റേഡിയത്തിനുള്ളിൽ മദ്യം ലഭിക്കൂ. അതേസമയം കാനഡയിലെ താമസക്കാർക്ക് സാധാരണ സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. ലോകകപ്പ് മത്സരങ്ങൾ പ്രമാണിച്ച് രാവിലെ നടക്കുന്ന കളികൾ കാണാനെത്തുന്ന ആരാധകർക്കായി ബാറുകളുടെയും റെസ്‌റ്ററൻ്റുകളുടെയും പ്രവർത്തന സമയം ഒന്റാരിയോ സർക്കാർ നേരത്തെയാക്കി അനുമതി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാനും സുരക്ഷ ശക്തമാക്കാനും വേണ്ടി സുതാര്യമായ ബാഗുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. പ്ലാസ്റ്റിക്, വിനൈൽ, അല്ലെങ്കിൽ പി.വി.സി (PVC) എന്നിവ കൊണ്ടുണ്ടാക്കിയ സുതാര്യമായ ബാഗുകൾ (പരമാവധി വലിപ്പം: 12″ x 6″ x 12″), കൈപ്പത്തിയുടെ വലിപ്പത്തിലുള്ള ചെറിയ ക്ലച്ച് പേഴ്സുകളോ വാലറ്റുകളോ (പരമാവധി വലിപ്പം: 4.5″ x 6.5″) സുതാര്യമല്ലെങ്കിലും അനുവദിക്കും. ഈ നിർദ്ദേശങ്ങളിൽ പെടാത്ത മറ്റ് ബാഗുകളുമായി എത്തുന്നവരെ സുരക്ഷാ ജീവനക്കാർ തിരിച്ചയക്കും.

ലോകകപ്പ് മത്സരങ്ങൾക്കായി ടൊറന്റോയിലേക്ക് ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളാണ് എത്തുന്നത്. സുരക്ഷാ പരിശോധനകളിലെ താമസം ഒഴിവാക്കാനും ഒന്റാരിയോയിലെ മദ്യപാന നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഫിഫ ഈ ആഗോള മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. വരുന്ന ജൂൺ മാസത്തിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിലെ ആറ് പ്രമുഖ മത്സരങ്ങൾക്കാണ് ടൊറന്റോ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!