Saturday, May 30, 2026

കിഫ്ബിയിൽ സമഗ്ര പരിഷ്കാരത്തിന് സർക്കാർ; വരുമാന പദ്ധതികൾക്ക് മുൻഗണന, ധനസമാഹരണ രീതിയിലും മാറ്റം

തിരുവനന്തപുരം: കിഫ്ബിയുടെ (KIIFB) പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും വൻ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ. വരുമാനം സൃഷ്ടിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുന്നതോടൊപ്പം സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ ധനവകുപ്പ് നിയന്ത്രണത്തിലാക്കാനാണ് ആലോചന. ഇതിനായി കിഫ്ബി ഡയറക്ടർ ബോർഡ് യോഗം ഉടൻ ചേരും. കിഫ്ബിയുടെ ഭാവി പ്രവർത്തനരീതി സംബന്ധിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. കിഫ്ബിയെക്കുറിച്ചുള്ള ധവളപത്രം തയ്യാറാക്കാൻ രൂപീകരിക്കുന്ന സമിതിയും ഈ വിഷയങ്ങൾ പരിശോധിക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായുള്ള ഡയറക്ടർ ബോർഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രവർത്തനരീതിയിൽ നിന്ന് വ്യത്യസ്തമായി കിഫ്ബിയെ കൂടുതൽ ധനവകുപ്പ് മേൽനോട്ടത്തിലാക്കാനാണ് പുതിയ സർക്കാർ ശ്രമിക്കുന്നത്.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുന്ന രീതിയിലുള്ള കിഫ്ബിയുടെ ധനസമാഹരണ മാതൃകയിൽ മാറ്റം വേണമെന്നാണ് സർക്കാരിന്റെ നിലപാട്. കിഫ്ബിയുടെ കടബാധ്യത സംസ്ഥാന സർക്കാരിന്റെ ബാധ്യതയായി കണക്കാക്കിയാണ് കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന വാദവും ഉയരുന്നുണ്ട്.

ഇതിനിടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 16,600 കോടി രൂപയുടെ കടം തിരിച്ചടയ്ക്കേണ്ട ബാധ്യത കിഫ്ബിക്കുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തികമായി തിരിച്ചുവരവ് ഉറപ്പാക്കുന്ന പദ്ധതികൾക്ക് മാത്രമായി നിക്ഷേപം പരിമിതപ്പെടുത്തുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

കിഫ്ബി ഫണ്ടുകളുടെ വിനിയോഗം, ഭരണച്ചെലവുകൾ, ജീവനക്കാർക്ക് നൽകുന്ന അലവൻസുകൾ തുടങ്ങിയ വിഷയങ്ങളും സർക്കാർ പരിശോധിക്കുമെന്ന് സൂചനയുണ്ട്. ചെലവ് നിയന്ത്രണ നടപടികളുടെ ഭാഗമായി അലവൻസുകളിൽ കുറവ് വരുത്താനും സാധ്യതയുണ്ട്. കിഫ്ബിയുടെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാര നീക്കങ്ങൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!