കൊച്ചി: മുൻ ചാലക്കുടി ലോക്‌സഭാ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ. പി. ധനപാലൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ രാവിലെയായിരുന്നു വിയോഗം. കോൺഗ്രസിന്റെ മുൻനിര നേതാക്കളിലൊരാളായ അദ്ദേഹം എറണാകുളം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്നു. കെ.എസ്.യു വഴി പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം പിന്നീട് യൂത്ത് കോൺഗ്രസ്, കെപിസിസി നേതൃത്വ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു.
കെ.എസ്.യു എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച് ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം ഹൈക്കമാൻഡിന്റെ പ്രതിനിധിയായി ലക്ഷദ്വീപിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2009-ൽ പുതുതായി രൂപീകരിച്ച ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് പതിനഞ്ചാം ലോക്‌സഭയിലെ അംഗമായി. പാർലമെന്റിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ, കൊച്ചിൻ സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. പറവൂർ നഗരസഭയിൽ ദീർഘകാലം കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.1950 ഏപ്രിൽ 4-ന് നോർത്ത് പറവൂരിൽ ജനിച്ച അദ്ദേഹം ആലുവ യു.സി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി.
സംസ്കാരം പിന്നീട് നടക്കും. കെ പി ധനപാലന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
