എറണാകുളം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

അടിയന്തര സ്റ്റേ ആവശ്യത്തിൽ ഇന്ന് തീരുമാനമുണ്ടാകില്ലെന്നും കോടതി സൂചിപ്പിച്ചു. ഇഡി അധികാരപരിധിക്ക് പുറത്താണ് അന്വേഷണം നടത്തുന്നതെന്ന് സിഎംആർഎൽ വാദിച്ചു. എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ സമൻസ് അയച്ച് അന്വേഷണം ആരംഭിച്ചതാണ് ചോദ്യം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി.
രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് എസ്‌എഫ്‌ഐഒ അന്വേഷണം തുടങ്ങിയതെന്നും സിഎംആർഎൽ ചൂണ്ടിക്കാട്ടി. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു.
നിരപരാധിത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാമെന്നും കുറ്റകൃത്യമില്ലെങ്കിൽ ക്ലീൻ ചിറ്റ് ലഭിക്കാമെന്നും കോടതി നിരീക്ഷിച്ചു. ലിസ്റ്റഡ് കമ്പനിയെന്ന നിലയിൽ ആവശ്യമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടതെന്നും കോടതി ചോദ്യം ഉയർത്തി.
വാദം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. മറുപടി സത്യവാങ്മൂലത്തിന്റെ ആവശ്യമില്ലെന്ന് ഇഡി അഭിഭാഷകൻ അറിയിച്ചു. ഇന്ന് തന്നെ വാദം പൂർത്തിയാകുമെങ്കിലും ഇടക്കാല ഉത്തരവ് ഇന്നുണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിവരം.
ഇഡിക്കായി അഡീഷണൽ സോളിസിറ്റർ ജനറലും, സിഎംആർഎല്ലിനായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും ഹാജരായി.
