Tuesday, June 2, 2026

യുഎസ് ടെക് ഭീമന്മാരുടെ ആധിപത്യം; കാനഡയുടെ ക്ലൗഡ് വിപണിയിൽ ആശങ്ക

ഒട്ടാവ: കാനഡയിലെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിപണിയിൽ യുഎസ് സാങ്കേതിക കമ്പനികളുടെ അമിത ആധിപത്യം ആശങ്കയുണ്ടാക്കുന്നതായി പുതിയ ഗവേഷണ റിപ്പോർട്ട്. ക്ലൗഡ് സേവന മേഖലയിൽ കൂടുതൽ മത്സരം ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് സേവനദാതാക്കളെ എളുപ്പത്തിൽ മാറ്റാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

‘കനേഡിയൻ ആന്റി-മോണോപൊളി പ്രൊജക്റ്റ്’ പുറത്തിറക്കിയ പഠനപ്രകാരം, കാനഡയിലെ ക്ലൗഡ് വിപണിയുടെ ഏകദേശം 85 ശതമാനവും നിയന്ത്രിക്കുന്നത് ആമസോൺ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നീ യുഎസ് കമ്പനികളാണ്. വിപണിയിലെ ഈ കേന്ദ്രീകരണം മത്സരത്തെ ബാധിക്കാനും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ കുറയ്ക്കാനും ഇടയാക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വാട്ടർലൂ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ജോയൽ ബ്ലിറ്റിന്റെ അഭിപ്രായത്തിൽ, ഏതാനും കമ്പനികളുടെ കൈകളിൽ വിപണി കേന്ദ്രീകരിക്കുന്നത് ദുരുപയോഗ സാധ്യത വർധിപ്പിക്കും. അതേസമയം, കാനഡയ്ക്ക് സ്വന്തം ക്ലൗഡ് സേവനദാതാക്കൾ ഉണ്ടായാലും വിവിധ പ്ലാറ്റ്‌ഫോമുകൾ തമ്മിൽ പൊരുത്തപ്പെടുന്ന സംവിധാനങ്ങൾ ഇല്ലെങ്കിൽ ഉപഭോക്താക്കൾക്ക് യഥാർത്ഥ പ്രയോജനം ലഭിക്കില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

റിപ്പോർട്ടിന്റെ സഹരചയിതാവായ കേർട്ടിസ് മക്കോർഡ് പറയുന്നതനുസരിച്ച്, നിലവിൽ ഒരു ക്ലൗഡ് സേവനദാതാവിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുള്ള ചെലവ് വളരെ കൂടുതലാണ്. ഇതുമൂലം പല സ്ഥാപനങ്ങളും നിലവിലുള്ള സേവനങ്ങളിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്നു.

ഇതിന് പരിഹാരമായി ക്ലൗഡ് സേവനങ്ങൾ പരസ്പരം എളുപ്പത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇത് വിപണിയിലെ മത്സരം വർധിപ്പിക്കാനും വിദേശ കമ്പനികളോടുള്ള ആശ്രയത്വം കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കാനഡയുടെ ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്ത്രത്തിന്റെ കരട് രേഖയിലും പൊതുവായ മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത പരാമർശിക്കുന്നുണ്ട്. ക്ലൗഡ് മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കാൻ കൂടുതൽ നിക്ഷേപങ്ങളും നയപരമായ ഇടപെടലുകളും അനിവാര്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!