ടൊറന്റോ: 2026ലെ ഫിഫ ലോകകപ്പ് ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. ‘ഡൈനാമിക് പ്രൈസിങ്’ (Dynamic Pricing) സംവിധാനം നടപ്പിലാക്കിയതോടെ സാധാരണ ആരാധകർക്ക് ടിക്കറ്റുകൾ അപ്രാപ്യമായിരിക്കുകയാണ്. ആവശ്യക്കാർ കൂടുന്നതനുസരിച്ച് വില മാറുന്ന രീതിയാണ് ‘ഡൈനാമിക് പ്രൈസിംഗ്’. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 10,990 ഡോളർ (ഏകദേശം 10.19 ലക്ഷം രൂപ) വരെയാണ്. സാധാരണക്കാർക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 2,030 ഡോളറിലാണ് (ഏകദേശം 1.87 ലക്ഷം രൂപ) ആരംഭിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ടിക്കറ്റ് വിൽപന ആരംഭിച്ചപ്പോൾ ഇത് 8,680 ഡോളറായിരുന്നു. ഇന്നലെ ടിക്കറ്റ് വിൽപനയുടെ അഞ്ചാം ഘട്ടം പുനരാരംഭിച്ചപ്പോഴാണ് ഫിഫ നിരക്ക് കുത്തനെ കൂട്ടിയത്.

ഫിഫയുടെ നടപടി ഫുട്ബോളിനെ സാധാരണക്കാരിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ നിന്നും അകറ്റുന്നതാണെന്ന് ആരാധകർ. ലോകകപ്പിൻറെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതും സാധാരണക്കാർക്ക് അപ്രാപ്യവുമായ ടൂർണമെൻറായി ഇത് മാറുമെന്ന് അവർ കുറ്റപ്പെടുത്തി. ടിക്കറ്റ് പുനർവിൽപ്പന നടത്തുമ്പോൾ വാങ്ങുന്നവരിൽ നിന്നും വിൽക്കുന്നവരിൽ നിന്നും 15 ശതമാനം വീതം കമ്മീഷൻ ഫിഫ ഈടാക്കുന്നുണ്ട്. ഇതിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
