Tuesday, June 2, 2026

‘നിങ്ങള്‍ എന്ത് ഭ്രാന്താണ് കാണിക്കുന്നത്?’; ലബനാനില്‍ ആക്രമണം തുടരുന്നതില്‍ നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ട്രംപ്

വാഷിങ്ടണ്‍: ലബനാനിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയതെന്ന് പ്രമുഖ അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ ‘ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ നിലപാടില്ലാത്ത സൈനിക നീക്കങ്ങള്‍ ആഗോളതലത്തില്‍ വലിയ തോതിലുള്ള ജനരോഷമാണ് നേടിക്കൊടുക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ലബനാനിലെ സൈനിക നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വാഷിങ്ടണുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ നിര്‍ത്തലാക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ ശക്തമായ ഇടപെടലുണ്ടായത്. സംഭാഷണത്തിനിടെ കടുത്ത പ്രകോപനത്തോടെ, ‘നിങ്ങള്‍ ഈ കാട്ടിക്കൂട്ടുന്നത് എന്താണ്?’ എന്ന് ട്രംപ് നെതന്യാഹുവിനോട് കയര്‍ത്തു സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹിസ്ബുല്ലയെ തകര്‍ക്കാനെന്ന പേരില്‍ ഇസ്രയേല്‍ ലബനാനില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അതിരുകടന്നതാണെന്ന് ട്രംപ് വിലയിരുത്തിയതായി ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു ഹിസ്ബുല്ല കമാന്‍ഡറെ മാത്രം ലക്ഷ്യമിട്ട് ജനവാസമേഖലയിലെ വലിയ കെട്ടിടങ്ങള്‍ മുഴുവനായി തകര്‍ക്കുന്ന ഇസ്രായേല്‍ യുദ്ധശൈലിയോട് ട്രംപ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ബെയ്റൂത്തിനെതിരെ തെല്‍ അവീവ് തുടര്‍ച്ചയായി നടത്തുന്ന ഭീഷണികളും യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചു. നിലവിലെ ആക്രമണങ്ങള്‍ കാരണം ലോകം മുഴുവന്‍ ഇപ്പോള്‍ ഇസ്രായേലിന് എതിരായിരിക്കുകയാണെന്നും എല്ലാവരും നിങ്ങളെ വെറുക്കുന്നുവെന്നും ട്രംപ് നെതന്യാഹുവിനോട് നേരിട്ട് പറഞ്ഞതായാണ് വിവരം.

തര്‍ക്കത്തിന് പിന്നാലെ ഇസ്രായേലിന്റെ സൈനിക നിലപാടുകളില്‍ മാറ്റമില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് ഔദ്യോഗികമായി പ്രസ്താവനയിറക്കിയെങ്കിലും, ഫോണ്‍ കോളില്‍ ട്രംപ് നെതന്യാഹുവിനെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭനാക്കുകയായിരുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ട്രംപിന്റെ കടുത്ത സമ്മര്‍ദത്തിന് ഒടുവില്‍ വഴങ്ങിയ നെതന്യാഹുവിന് ‘ശരി, എല്ലാം നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാം’ എന്ന് മറുപടി നല്‍കേണ്ടി വന്നതായും റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു ഈ ഉഭയകക്ഷി ഫോണ്‍ സംഭാഷണം.

ഫോണ്‍ കോളിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ബെയ്റൂത്തില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടത്തരുതെന്ന് താന്‍ കര്‍ശനമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നെതന്യാഹു അവിടെനിന്ന് സൈന്യത്തെ പിന്‍വലിച്ചതായി ട്രംപ് അവകാശപ്പെട്ടു. പശ്ചിമേഷ്യന്‍ മേഖലയിലെ നയതന്ത്ര ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും, സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇറാനുമായുള്ള യുഎസിന്റെ ചര്‍ച്ചകള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും ട്രംപ് മറ്റൊരു പോസ്റ്റിലൂടെ കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!