വാഷിങ്ടണ്‍: അമേരിക്കയില്‍ രേഖകളില്ലാതെ താമസിച്ച് വാണിജ്യ ട്രക്ക് ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്ന മുപ്പതോളം ഇന്ത്യക്കാരെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ഏജന്‍സികള്‍ നടത്തിയ ‘ഓപ്പറേഷന് ചെക്ക്മേറ്റ്’ എന്ന പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ ഇന്ത്യന്‍ സ്വദേശികളെ ഉടന്‍ തന്നെ അമേരിക്കയില്‍ നിന്നും നാടുകടത്തുമെന്നാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) വിഭാഗം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
അരിസോണയിലെ യുമാ സെക്ടറില്‍ മെയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ വ്യാപകമായ പരിശോധന നടത്തിയത്. വീസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായും രാജ്യത്ത് തുടര്‍ന്ന 52 പേരാണ് ആകെ ഓപ്പറേഷനില്‍ പിടിയിലായത്. ഇതില്‍ വന്‍കിട സെമി ട്രക്കുകള്‍ ഓടിച്ചിരുന്ന 36 ഡ്രൈവര്‍മാരില്‍ 30 പേരും ഇന്ത്യന്‍ പൗരന്മാരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ബാക്കി ആറുപേര്‍ മെക്സിക്കോ, എല്‍ സാല്‍വഡോര്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, വിര്‍ജീനിയ തുടങ്ങിയ വിവിധ യുഎസ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാണിജ്യ ഡ്രൈവിങ് ലൈസന്‍സുകള്‍ (CDL) ഇവരില്‍ ചിലരുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ മറ്റുചിലര്‍ക്ക് യാതൊരുവിധ ഡ്രൈവിങ് രേഖകളും ഉണ്ടായിരുന്നില്ല. മുന്‍ ജോ ബൈഡന് ഭരണകൂടത്തിന്റെ കാലയളവില്‍ ഇവര്‍ക്ക് ലഭിച്ചതും എന്നാല്‍ നിലവില്‍ കാലാവധി കഴിഞ്ഞതുമായ താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റുകളാണ് ഭൂരിഭാഗം പേരും ഉപയോഗിച്ചിരുന്നത്.

അമേരിക്കയിലെ ദേശീയപാതകളിലൂടെ വാണിജ്യ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്ന നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തുക വഴി പൊതുജന സുരക്ഷ വര്‍ധിപ്പിക്കുകയാണ് ‘ഓപ്പറേഷന് ചെക്ക്മേറ്റ്’ കൊണ്ട് യുഎസ് ലക്ഷ്യമിടുന്നത്. കൃത്യമായ യോഗ്യതയോ നിയമപരമായ രേഖകളോ ഇല്ലാത്ത ഡ്രൈവര്‍മാര്‍ റോഡുകളില്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് യുഎസ് ബോര്‍ഡര്‍ പട്രോളിന്റെ യുമാ സെക്ടര്‍ ആക്ടിങ്് ചീഫ് പട്രോള്‍ ഏജന്റ് ഡസ്റ്റിന് കോഡില്‍ വ്യക്തമാക്കി. ഇത്തരം അനധികൃത തൊഴിലാളികളെ തടയുന്നതിനും മാരകമായ റോഡ് അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി ഫെഡറല്‍ ഏജന്റുമാര്‍ ദിവസേന കര്‍ശനമായ പട്രോളിങ്് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭരണകൂടത്തിന് കീഴില്‍, മതിയായ യോഗ്യതയില്ലാത്ത വിദേശികള്‍ വാണിജ്യ ട്രക്കുകളും ബസുകളും ഓടിക്കുന്നതിനുള്ള ലൈസന്‍സുകള്‍ സ്വന്തമാക്കുന്നത് തടയാന്‍ യുഎസ് ഗതാഗത വകുപ്പ് കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്നതിനിടയില്‍ കടുത്ത അനാസ്ഥ കാരണം മാരകമായ അപകടങ്ങള്‍ ഉണ്ടാക്കിയതിന് ഇന്ത്യന്‍ വംശജരായ നിരവധി ട്രക്ക് ഡ്രൈവര്‍മാര്‍ അറസ്റ്റിലാകുകയും അവര്‍ക്കെതിരെ കടുത്ത ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചവരെ കണ്ടെത്താനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കം ശക്തമായിരിക്കുന്നത്.
