Tuesday, June 2, 2026

ടാക്സി പെർമിറ്റുകളുടെ മൂല്യം നഷ്ടപ്പെട്ടു; കെബെക്ക് സർക്കാരിനെതിരെ ടാക്സി ഉടമകൾ

മോൺട്രിയൽ: ഊബറിന്റെ വരവോടെ ടാക്സി പെർമിറ്റുകളുടെ മൂല്യം നഷ്ടമായെന്ന് ആരോപിച്ച് കെബെക്ക് സർക്കാരിനെതിരെ ടാക്സി ഉടമകൾ കാനഡ സുപ്രീംകോടതിയെ സമീപിക്കുന്നു. സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് തങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് ടാക്സി ഉടമകളുടെ വാദം. ഏകദേശം 7,000 മുൻ ടാക്സി പെർമിറ്റ് ഉടമകളാണ് കൂട്ടായ ഹർജിക്ക് പിന്നിൽ.

2019-ൽ കെബെക്ക് സർക്കാർ ടാക്സി വ്യവസായം നിയന്ത്രിച്ചിരുന്ന പഴയ പെർമിറ്റ് സംവിധാനം ഒഴിവാക്കി ഊബർ പോലുള്ള റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾക്ക് നിയമപരമായ അനുമതി നൽകി. ഇതോടെ വർഷങ്ങളായി ഉയർന്ന മൂല്യമുണ്ടായിരുന്ന ടാക്സി പെർമിറ്റുകൾക്ക് വിലയില്ലാതെയായെന്നാണ് ടാക്സി ഉടമകളുടെ ആരോപണം. 2014-ൽ മോൺട്രിയലിൽ ഒരു ടാക്സി പെർമിറ്റിന്റെ വിപണി മൂല്യം 1.8 ലക്ഷം കനേഡിയൻ ഡോളറിലധികമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഊബറിന്റെ പ്രവേശനത്തിന് പിന്നാലെ ഈ മൂല്യം കുത്തനെ ഇടിഞ്ഞു.

പെർമിറ്റുകൾ ഒരു സ്വത്തായി കണക്കാക്കണമെന്നും സർക്കാർ നിയമം മാറ്റിയതിലൂടെ ആ സ്വത്ത് പരോക്ഷമായി ഏറ്റെടുത്തതായും ഹർജിക്കാർ വാദിക്കുന്നു. ഭൂമി ഏറ്റെടുക്കുമ്പോൾ നൽകുന്ന തരത്തിലുള്ള നഷ്ടപരിഹാരം തങ്ങൾക്കും ലഭിക്കേണ്ടതുണ്ടെന്നാണ് ആവശ്യം.

2024-ൽ കെബെക്ക് സുപീരിയർ കോടതി ടാക്സി ഉടമകൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും അധിക നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അപ്പീൽ കോടതി ഈ വിധി റദ്ദാക്കി. ടാക്സി പെർമിറ്റ് ഒരു സ്വത്തല്ലെന്നും സർക്കാർ അനുവദിച്ചിരുന്ന പ്രത്യേക അവകാശം മാത്രമാണെന്നും അപ്പീൽ കോടതി നിരീക്ഷിച്ചു.

ഇതിനെതിരെയാണ് ടാക്സി ഉടമകൾ കാനഡ സുപ്രീംകോടതിയെ സമീപിക്കുന്നത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. വർഷങ്ങളായി നീണ്ടുനിൽക്കുന്ന നിയമപോരാട്ടത്തിനിടെ നിരവധി സഹപ്രവർത്തകർ മരണപ്പെട്ടതായും ശേഷിക്കുന്നവർ പ്രായാധിക്യം മൂലം ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും ടാക്സി ഉടമകൾ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!