കൊല്ലം: കൊല്ലം നഗരമധ്യത്തിലും പരിസരത്തുമായി അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന രണ്ട് വയോധികരുടെ കൊലപാതകങ്ങള്‍ നടത്തിയത് സീരിയല്‍ കില്ലര്‍ എന്ന സംശയത്തില്‍ പൊലീസ്. ഏപ്രില്‍ 19-ന് കല്ലുവാതുക്കലില്‍ ഒരു വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ആദ്യ സംഭവം. ഇതിനു പിന്നാലെ മെയ് 25-ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്തായി മറ്റൊരു വയോധികനെക്കൂടി സമാന രീതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് പൊലീസിന് ഈ സംശയം ബലപ്പെട്ടത്.
രണ്ടു കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ ശൈലിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കല്ലുവാതുക്കലില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിനുള്ളിലാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്, ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആലംബഹീനരായ വയോധികരാണ് കൊല്ലപ്പെട്ട രണ്ടുപേരും എന്നത് കേസുകളുടെ സമാനത വര്‍ദ്ധിപ്പിക്കുന്നു.

കമ്മീഷണര്‍ ഓഫീസിന് സമീപം കൊല്ലപ്പെട്ടയാള്‍ തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലങ്ങളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് നിലവില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കൊലപാതകിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ് സംഘം.
