ഓട്ടവ: കാനഡയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ നോണ്‍-ഡിസ്ക്ലോഷര്‍ കരാറില്‍ (NDA) ഒപ്പുവെച്ച നഗരസഭയുടെ തീരുമാനത്തെ ന്യായീകരിച്ച് ഓട്ടവ മേയര്‍ രംഗത്ത്. കാനഡയിലെ അതിവേഗ റെയില്‍ ശൃംഖലയുടെ മേല്‍നോട്ടം വഹിക്കുന്ന ക്രൗണ്‍ കോര്‍പ്പറേഷനായ ‘ആള്‍ട്ടോ’യുമായാണ് (Alto) ഓട്ടവ നഗരസഭ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനുള്ള എന്‍.ഡി.എ കരാറില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഓട്ടവയുടെ പ്ലാനിങ് സര്‍വീസ് മേധാവി മാര്‍സിയ വാലസ് കൗണ്‍സിലിന് അയച്ച മെമ്മോയിലാണ് പദ്ധതിയുടെ വിശദമായ മാപ്പിങ്ങും റൂട്ട് പ്ലാനിങ്ങും പരിശോധിക്കുന്നതിനായി നഗരസഭയ്ക്ക് വേണ്ടി എന്‍.ഡി.എയില്‍ ഒപ്പുവെച്ച വിവരം ആദ്യമായി വ്യക്തമാക്കിയത്.
ആള്‍ട്ടോയുമായി ഇത്തരം ഒരു രഹസ്യ കരാറില്‍ ഒപ്പുവെച്ചത് പൊതുജനങ്ങളോടുള്ള സുതാര്യതയ്ക്ക് വിരുദ്ധമല്ലേ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് ഓട്ടവ മേയര്‍ മാര്‍ക്ക് സട്ട്ക്ലിഫ് നഗരസഭയുടെ തീരുമാനത്തെ പ്രതിരോധിച്ച് സംസാരിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ തുടക്കത്തില്‍ ഇത്തരം എന്‍.ഡി.എ കരാറുകളില്‍ ഒപ്പുവെക്കുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് മേയര്‍ പറഞ്ഞു. ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും, ആള്‍ട്ടോ പങ്കുവെച്ച വിവരങ്ങളൊന്നും നഗരസഭ മനഃപൂര്‍വ്വം പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതി ബാധിച്ചേക്കാവുന്ന ഓട്ടവ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഈ കരാറെന്നും, ഇത് മുഴുവന്‍ റെയില്‍ പദ്ധതിയെയും ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടൊറന്റോ മുതല്‍ കെബെക്ക് സിറ്റി വരെ 1000 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ അതിവേഗ റെയില്‍ ശൃംഖലയ്ക്ക് ഏകദേശം 90 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടം മണ്‍ട്രിയോള്‍ മുതല്‍ ഓട്ടവ വരെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചതു മുതല്‍ ആള്‍ട്ടോ കോര്പ്പറേഷന് വലിയ ജനകീയ പ്രതിഷേധങ്ങളാണ് നേരിടുന്നത്. തങ്ങളുടെ കൃഷിയിടങ്ങളിലൂടെ ഡ്രോണുകള്‍ പറക്കുന്നതും, ഭൂമി വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് കത്തുകള്‍ ലഭിക്കുന്നതും കര്‍ഷകരിലും ഗ്രാമീണ ഭൂവുടമകളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ പ്ലാന്‍ അനുസരിച്ച് ചിലയിടങ്ങളില്‍ 10 കിലോമീറ്റര്‍ വരെ വീതിയുള്ള വലിയൊരു ഭൂപ്രദേശമാണ് റെയില്‍ ഇടനാഴിക്കായി അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വരും മാസങ്ങളില്‍ ഇത് കൃത്യമായി തിട്ടപ്പെടുത്തി 60 മീറ്റര്‍ വീതിയുള്ള അന്തിമ പാതയായി ചുരുക്കുമെന്നാണ് ആള്‍ട്ടോ വ്യക്തമാക്കുന്നത്.
അതേസമയം, പ്രിലിമിനറി ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഇത്തരം എന്‍.ഡി.എ കരാറുകള്‍ വ്യവസായ മേഖലയില്‍ സാധാരണമാണെന്നും നഗരസഭകളുമായി സുതാര്യമായ ചര്‍ച്ചകളാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആള്‍ട്ടോ വക്താവ് ക്രിസ്റ്റല്‍ ജോങ്വാര്ഡ് അറിയിച്ചു. എന്നാല്‍ ആള്‍ട്ടോയുടെ ഈ രഹസ്യ സ്വഭാവമുള്ള ചര്‍ച്ചകള്‍ക്കെതിരെ ചില കൗണ്ടികളും നഗരസഭകളും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. മെയ് മാസത്തില്‍ പ്രെസ്കോട്ട്, റസ്സല്‍ എന്നീ യുണൈറ്റഡ് കൗണ്ടികള്‍ തങ്ങളുടെ പരിധിയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആള്‍ട്ടോയെ വിലക്കുകയും, ഇത്തരം രഹസ്യ ചര്‍ച്ചകള്‍ പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കുകയും ചെയ്തു. പൊതുജനങ്ങളോട് കൃത്യമായി ആശയവിനിമയം നടത്താന്‍ ആള്‍ട്ടോ തയ്യാറാകുന്നില്ലെന്നാണ് ജനപ്രതിനിധികളുടെ പ്രധാന പരാതി.
