Saturday, June 6, 2026

എബോള ഭീതി: ഛത്തീസ്ഗഡില്‍ മൂന്ന് ആഫ്രിക്കന്‍ പൗരന്മാര്‍ നിരീക്ഷണത്തില്‍

ഛത്തീസ്ഗഡ്: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മൂന്ന് വിദേശ പൗരന്മാരെ ഛത്തീസ്ഗഡില്‍ 21 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ദുര്‍ഗിലെ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. നിലവില്‍ ഇവര്‍ക്ക് ആര്‍ക്കും തന്നെ എബോള രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ഛത്തീസ്ഗഡ് ആരോഗ്യവകുപ്പ് മന്ത്രി ശ്യാം ബിഹാരി ജയ്‌സ്വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം ഉണ്ടായാല്‍ അത് നേരിടാന്‍ സംസ്ഥാനത്തെ ആശുപത്രികളും ഐസൊലേഷന്‍ സൗകര്യങ്ങളും പൂര്‍ണ്ണ സജ്ജമാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബെംഗളൂരുവിലും സമാനമായ രീതിയില്‍ ഒരു എബോള ഭീതി ഉയര്‍ന്നിരുന്നു. മേയ് 23-ന് ഉഗാണ്ടയില്‍ നിന്നും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 28 വയസ്സുകാരിയായ യുവതിയെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ദിരാനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയത് വലിയ ആശ്വാസമാണ് നല്‍കിയത്. എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും നിലവില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) ‘അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്ക സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും ഇതിനെ ഭൂഖണ്ഡാന്തര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയും പ്രതിരോധ നടപടികളിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒട്ടുമിക്ക രാജ്യങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇതുസംബന്ധിച്ച കര്‍ശന യാത്രാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!