Sunday, June 7, 2026

‘അസഹനീയമായ ദുര്‍ഗന്ധം’; ജി.എഫ്.എല്‍ മാലിന്യപ്ലാന്റിനെതിരെ സ്റ്റോണി ക്രീക്ക് നിവാസികള്‍

ഹാമില്‍ട്ടണ്‍: ഒന്റാരിയോയിലുള്ള സ്റ്റോണി ക്രീക്കില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ നിന്നുള്ള കടുത്ത ദുര്‍ഗന്ധം മൂലം ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ നിയമപോരാട്ടത്തിലേക്ക്. വീടുകളില്‍ താമസിക്കാന്‍ പോലും കഴിയാത്തവിധം അസഹനീയമായ ദുര്‍ഗന്ധമാണ് പ്ലാന്റില്‍ നിന്ന് പുറത്തുവരുന്നതെന്ന് ചൂണ്ടിക്കാട്ടി 33 സിവില്‍ കേസുകളാണ് ഒന്റാരിയോ സുപ്പീരിയര്‍ കോടതിയില്‍ നാട്ടുകാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ജി.എഫ്.എല്‍ എന്ന കമ്പനി നടത്തുന്ന 185 ഏക്കറോളം വിസ്തൃതിയുള്ള ഈ റീജിയണല്‍ പ്ലാന്റിനെതിരെ ഒന്റാരിയോ പരിസ്ഥിതി മന്ത്രാലയം നേരത്തെ പലതവണ പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ദുര്‍ഗന്ധത്തിന് യാതൊരു കുറവുമില്ലെന്ന് പരാതിക്കാര്‍ വ്യക്തമാക്കുന്നു.

തുടക്കത്തില്‍ ഈ പ്രദേശം ഒരു ക്വാറിയായിരുന്നുവെന്നും പിന്നീട് ഇവിടെ ഗോള്‍ഫ് കോഴ്സ് വരുമെന്ന ഉറപ്പിലാണ് തങ്ങള്‍ താമസം തുടങ്ങിയതെന്നും 1995 മുതല്‍ ഇവിടെ ജീവിക്കുന്ന സൂസന്‍ ചാപ്മാന്‍ എന്ന പ്രദേശവാസി പറയുന്നു. എന്നാല്‍, 1996-ല്‍ ഇവിടെ ആരംഭിച്ച മാലിന്യപ്ലാന്റ് ഇപ്പോള്‍ 10.18 മില്യണ്‍ ക്യൂബിക് മീറ്റര്‍ മാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം ഇരട്ടിയായി വികസിച്ചു കഴിഞ്ഞു. 2023 ലെ വേനല്‍ക്കാലം മുതല്‍ ഇവിടെനിന്നുള്ള ദുര്‍ഗന്ധം അസഹനീയമായ രീതിയിലേക്ക് മാറിയെന്ന് നാട്ടുകാര്‍ പറയുന്നു. ചീഞ്ഞ ചപ്പുചവറുകള്‍, ചത്ത മീന്‍, ചീഞ്ഞ മുട്ട, കരിഞ്ഞ ബാറ്ററിയുടെയും റബ്ബറിന്റെയും രാസഗന്ധം എന്നിവയ്ക്ക് സമാനമായ മണമാണ് അനുഭവപ്പെടുന്നത്. ഇതിനോടകം രണ്ട് കുടുംബങ്ങള്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വീടുകള്‍ വിറ്റുപോയതായും സൂസന്‍ കൂട്ടിച്ചേര്‍ത്തു.

2023 മുതല്‍ ഈ പ്ലാന്റിനെതിരെ 4,500-ലധികം ഔദ്യോഗിക പരാതികളാണ് പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്. കടുത്ത ദുര്‍ഗന്ധം കാരണം വീടുകളുടെ ജനാലകള്‍ തുറക്കാനോ മുറ്റത്തിറങ്ങാനോ സാധിക്കുന്നില്ല. ഇത് പ്രദേശവാസികളില്‍ കടുത്ത തലവേദന, ഓക്കാനം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍, നിരന്തരമായ ചുമ, കണ്ണ് വീക്കം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുന്നതായി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തതിനും, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനും, വസ്തുവകകളുടെ വില ഇടിഞ്ഞതിനും നഷ്ടപരിഹാരമായി ഓരോ ഹര്‍ജിക്കാരും ചുരുങ്ങിയത് 2,50,000 ഡോളര്‍ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്ലാന്റില്‍ നിന്നുള്ള മാരകമായ വാതകങ്ങളുടെ അളവ് പ്രവിശ്യാ മാനദണ്ഡങ്ങളേക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാമില്‍ട്ടണ്‍ സിറ്റി കൗണ്‍സില്‍ ഇതിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ദുരിതബാധിതരായ പ്രദേശവാസികള്‍ക്ക് പ്രോപ്പര്‍ട്ടി നികുതിയില്‍ ഇളവ് നല്‍കുന്ന കാര്യവും കൗണ്‍സില്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍, കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് തങ്ങളുടെ ശുദ്ധീകരണ സംവിധാനങ്ങള്‍ നവീകരിക്കുകയാണെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ മാറ്റുന്നതിനിടയിലാണ് ചില സമയങ്ങളില്‍ മണം പുറത്തേക്ക് വരുന്നതെന്നും ജി.എഫ്.എല്‍ കമ്പനി കൗണ്‍സിലിന് അയച്ച കത്തില്‍ വിശദീകരിച്ചു. കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം ഇത് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുള്ള അത്യാധുനിക പ്ലാന്റാണെന്നാണ് അവകാശപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!