ഹാലിഫാക്‌സ്: നോവസ്‌കോഷയില്‍ സമരം ചെയ്യുന്ന അയ്യായിരത്തോളം ലോങ് ടേം കെയര്‍ (Long-term care) ജീവനക്കാരുടെ യൂണിയന്‍ പ്രവിശ്യാ സര്‍ക്കാരുമായി താല്‍ക്കാലിക കരാറിലെത്തി. ഇതോടെ ഏപ്രില്‍ 13 മുതല്‍ തുടരുന്ന അനിശ്ചിതകാല സമരം അവസാനിക്കുമെന്നും തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചേക്കുമെന്നും കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. പുതിയ കരാര്‍ നിര്‍ദ്ദേശത്തിന്മേല്‍ യൂണിയന്റെ മുഖ്യ ചര്‍ച്ചാ സമിതി വോട്ടെടുപ്പ് നടത്തുന്നതിനാല്‍ പ്രവിശ്യയിലുടനീളമുള്ള പിക്കറ്റിങ് സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യൂണിയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഹാലിഫാക്‌സിലെ സെന്റ് വിന്‍സെന്റ് നഴ്‌സിങ് ഹോമിലെ ജീവനക്കാര്‍ പുതിയ കരാര്‍ അംഗീകരിച്ചാല്‍, തുടര്‍ന്ന് പ്രവിശ്യയിലുടനീളമുള്ള മറ്റ് 36 കെയര്‍ ഹോമുകളിലെ 3,600 ഓളം വരുന്ന സി.യു.പി.ഇ (CUPE) അംഗങ്ങളുടെ വോട്ടെടുപ്പിനായി ഇത് സമര്‍പ്പിക്കും. അംഗങ്ങള്‍ കണ്ട് വോട്ട് രേഖപ്പെടുത്തുന്നതുവരെ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന് യൂണിയന്‍ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നാല് വര്‍ഷത്തിനിടെ 12 മുതല്‍ 24 ശതമാനം വരെ ശമ്പളവര്‍ധനവും പെന്‍ഷന്‍ പ്ലാന്‍ ഇല്ലാത്ത ജീവനക്കാര്‍ക്കായി ഡിഫൈന്‍ഡ് ബെനിഫിറ്റ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കലും ഉള്‍പ്പെടുന്നതായിരുന്നു കഴിഞ്ഞ ആഴ്ച പ്രവിശ്യാ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുവായ നിര്‍ദ്ദേശം.
