ചെന്നൈ: തമിഴ് ചലച്ചിത്ര ലോകത്തെ ഇതിഹാസ സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമായിരുന്നു.
തമിഴ് സിനിമയിൽ ഗ്രാമീണ ജീവിതവും സാധാരണ ജനങ്ങളുടെ കഥകളും യാഥാർഥ്യബോധത്തോടെ അവതരിപ്പിച്ച സംവിധായകരിൽ പ്രമുഖനായിരുന്നു ഭാരതിരാജ. 1977-ൽ പുറത്തിറങ്ങിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകും റയിൽ, സിഗപ്പു റോജകൾ, നിഴൽഗൾ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്ക് ആറു തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച ഭാരതിരാജയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ നിരവധി പുതുമുഖ താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും പരിചയപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു.
സംവിധായകനെന്ന നിലയിൽ മാത്രമല്ല, അഭിനേതാവായും ഭാരതിരാജ ശ്രദ്ധേയനായിരുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ മോഹൻലാൽ–തരുൺ മൂർത്തി കൂട്ടുകെട്ടിലെ തുടരും എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.2020-ൽ പുറത്തിറങ്ങിയ മീണ്ടും ഒരു മര്യാദൈ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. ഭാരതിരാജയുടെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ഗ്രാമീണ തമിഴ് ജീവിതത്തിന്റെ സൗന്ദര്യവും മനുഷ്യബന്ധങ്ങളുടെ ആഴവും വെള്ളിത്തിരയിൽ പകർത്തിയ കലാകാരന്റെ വിടവാങ്ങൽ ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമാണ്.
