കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അറിയിച്ചു. ആക്രമണത്തിൽ 14 പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ അധികൃതർ വ്യക്തമാക്കുന്നു.
ഖോസ്ത്, കുനാർ, പക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണം നടന്നതെന്ന് താലിബാൻ വക്താവ് സബീനുള്ള മുജാഹിദ് അറിയിച്ചു. പാകിസ്താൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയതായി അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുനാർ പ്രവിശ്യയിലെ സ്പേര ജില്ലയിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ പത്ത് പേരിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ 11 പേർ കുട്ടികളാണെന്നും ഉറക്കത്തിനിടെയാണ് ആക്രമണം നടന്നതെന്നും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ആക്രമണത്തിൽ പാകിസ്താന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഭീകരവാദികളെ ലക്ഷ്യമിട്ടാണ് നടപടിയെടുക്കുന്നതെന്നാണ് പാകിസ്താന്റെ നിലപാട്.
പാകിസ്താൻ–അഫ്ഗാനിസ്ഥാൻ ബന്ധം കഴിഞ്ഞ വർഷങ്ങളിലായി വീണ്ടും വഷളായിരിക്കുകയാണ്. അതിർത്തി മേഖലകളിൽ പരസ്പര ആക്രമണങ്ങളും സംഘർഷങ്ങളും തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.
