ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ചവാൻ വിക്രം ബാലകൃഷ്ണ, അർജുൻ ജാദവ് രാജീന്ദ്ര എന്നിവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഉറിയിലെ കമൽകോട്ട് മേഖലയിലുള്ള ക്യാമ്പിലാണ് അപകടം നടന്നത്. നിയന്ത്രണരേഖയ്ക്ക് (LoC) സമീപമുള്ള പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്. സ്ഫോടനം അബദ്ധത്തിൽ ഉണ്ടായതാണെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനത്തിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ തന്നെ ഇരുവരും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തെ തുടർന്ന് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
