ഓട്ടവ: കാനഡയില്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂരിഭാഗം തോക്കുകളും വിദേശത്തുനിന്ന് കള്ളക്കടത്ത് വഴി എത്തുന്നതല്ലെന്നും, അവ രാജ്യത്തിനകത്തുനിന്ന് തന്നെ ശേഖരിക്കുന്നവയാണെന്നും വെളിപ്പെടുത്തി ആര്‍സിഎംപിയുടെ ആഭ്യന്തര റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2023, 2024 വര്‍ഷങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട തോക്കുകളുടെ ഉറവിടം കണ്ടെത്താനായി നടത്തിയ ശാസ്ത്രീയ പരിശോധനകളിലാണ് ഈ വിവരങ്ങളുള്ളത്. കാനഡയില്‍ വര്‍ധിച്ചുവരുന്ന തോക്ക് അക്രമങ്ങള്‍ക്ക് കാരണം അമേരിക്കയില്‍ നിന്നുള്ള കള്ളക്കടത്താണെന്ന പൊതുധാരണയെ തിരുത്തുന്നതാണ് പുതിയ കണ്ടെത്തലുകള്‍.
റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തിയ നീളമുള്ള തോക്കുകളില്‍ ഏറിയ പങ്കും, കൈത്തോക്കുകളില്‍ വലിയൊരു ശതമാനവും കാനഡയില്‍ നിന്ന് തന്നെ നിയമവിരുദ്ധമായി സംഘടിപ്പിച്ചവയാണ്. 2024-ല്‍ ആര്‍.സി.എം.പി പരിശോധിച്ച തോക്കുകളില്‍ 71 ശതമാനവും കാനഡയില്‍ നിന്ന് തന്നെ ലഭിച്ച നീളമുള്ള തോക്കുകളും, 9 ശതമാനം ആഭ്യന്തരമായി നിര്‍മ്മിച്ചതോ വാങ്ങിയതോ ആയ കൈത്തോക്കുകളുമാണ്. എന്നാല്‍ വിദേശത്തുനിന്ന് കടത്തിയ കൈത്തോക്കുകള്‍ 17 ശതമാനവും, നീളമുള്ള തോക്കുകള്‍ വെറും 2 ശതമാനവുമാണ്. ബാക്കി ചെറിയൊരു ശതമാനം 3D പ്രിന്റഡ് തോക്കുകളും വ്യാജ തോക്കുകളുമാണ്.

നഗരങ്ങളില്‍ നടക്കുന്ന വലിയ വെടിവെയ്പ്പുകളില്‍ വിദേശ തോക്കുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും, കാനഡയിലെ ഗ്രാമീണ മേഖലകളില്‍ നടക്കുന്ന കൊലപാതകങ്ങളും കവര്‍ച്ചകളും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കുന്നത് പ്രാദേശികമായി ലഭിക്കുന്ന തോക്കുകളാണെന്ന് ചരിത്രകാരനായ ബ്ലേക്ക് ബ്രൗണ്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, സംഘടിത ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിച്ച 184 തോക്കുകളില്‍ 147 എണ്ണവും ആഭ്യന്തരമായി നിര്‍മ്മിച്ചവയായിരുന്നു.
അതേസമയം, രാജ്യത്ത് തോക്ക് അക്രമങ്ങള്‍ തടയുന്നതിനായി എ.ആര്‍-15 (AR-15) ഉള്‍പ്പെടെയുള്ള 2500 തരം മാരക തോക്കുകള്‍ക്ക് ട്രൂഡോ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ഇവ ഉടമകളില്‍ നിന്ന് പണം നല്‍കി തിരികെ വാങ്ങാനുള്ള പദ്ധതി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കം നിയമം അനുസരിക്കുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്നും, അതിര്‍ത്തി വഴിയുള്ള കള്ളക്കടത്ത് തടയുന്നതിലാണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടതെന്നുമാണ് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തോക്ക് ഉടമകളും വാദിച്ചിരുന്നത്. ഈ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെ കൂടുതല്‍ ശക്തമാക്കുന്ന തരത്തിലുള്ള പോലീസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
