Thursday, June 11, 2026

കനത്ത മഴയില്‍ മുങ്ങി സതേണ്‍ മാനിറ്റോബ; റോഡുകള്‍ വെളളക്കെട്ടില്‍

മാനിറ്റോബ: സതേണ്‍ മാനിറ്റോബയില്‍ കനത്ത നാശം വിതച്ച് പേമാരിയും കൊടുങ്കാറ്റും. കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളം ഉയര്‍ന്നതോടെ പലയിടങ്ങളിലും വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. വിനിപെഗിന് തൊട്ടു വടക്കുള്ള സ്റ്റോണ്‍വാള്‍ നഗരത്തിലാണ് പ്രകൃതിക്ഷോഭം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ ബുധനാഴ്ച രാവിലെ വരെ 255 മില്ലിമീറ്ററിലധികം റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്.

ചരിത്രത്തിലില്ലാത്ത വിധമുള്ള കനത്ത മഴയാണ് ഇതെന്നും, നഗരത്തിലെ മലിനജല നിര്‍മാര്‍ജന സംവിധാനം പൂര്‍ണ്ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മേയര്‍ സാന്ദ്ര സ്മിത്ത് അറിയിച്ചു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ അനാവശ്യമായ ജല ഉപയോഗം കുറയ്ക്കണമെന്ന് നഗരസഭ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്റ്റോണ്‍വാളിന് പുറമെ പീറ്റേഴ്‌സ്ഫീല്‍ഡ്, ക്ലാന്‍ഡെബോയ് എന്നീ പ്രദേശങ്ങളും കനത്ത മഴയില്‍ മുങ്ങി. പ്രവിശ്യയിലെ നിരവധി സ്‌കൂളുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്റര്‍ലേക്ക് സ്‌കൂള്‍ ഡിവിഷന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പ്രവിശ്യാ തലസ്ഥാനമായ വിനിപെഗില്‍ 122 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. നഗരത്തിലെ ഭൂരിഭാഗം വീടുകളുടെയും ബേസ്‌മെന്റുകളില്‍ വെള്ളം കയറുകയും, പ്രധാന റോഡുകള്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലാവുകയും ചെയ്തു.

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയിലാണ് പലയിടങ്ങളിലും കാറ്റ് വീശിയടിച്ചത്. വിനിപെഗ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശക്തമായ ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിനിപെഗിന് തെക്കുകിഴക്കുള്ള സെന്റ് ആന്‍ പ്രദേശത്ത് ഒരു ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായി പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ റെഡ് റിവര്‍ വാലി ഉള്‍പ്പെടെയുള്ള മറ്റ് പലയിടങ്ങളിലും ചുഴലിക്കാറ്റുകള്‍ വീശിയടിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്വേഷണം നടത്തിവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!