ഓട്ടവ: കൗമാരക്കാരന് നേരെയുണ്ടായ കയോടി ആക്രമണത്തെ തുടര്‍ന്ന് ഓര്‍ലിയന്‍സ് കമ്മ്യൂണിറ്റിയിലുള്ള ലാലന്ഡെ കണ്‍സര്‍വേഷന്‍ പാര്‍ക്ക് നഗരസഭ താല്‍ക്കാലികമായി അടച്ചുപൂട്ടി. കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ ആണ്‍കുട്ടിയെ ഒട്ടാവയിലെ കുട്ടികളുടെ ആശുപത്രിയായ CHEOയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് കയോടികളുടെ ഒരു സജീവ താവളം ഉള്ളതായി നഗരസഭാ ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പാര്‍ക്കിലേക്കുള്ള വഴികള്‍ അടയ്ക്കുകയും, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, ബൈലാ പട്രോളിങ്് ശക്തമാക്കുകയും ചെയ്തിരുന്നു. ഒടുവില്‍ പൊതുജനസുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ ചൊവ്വാഴ്ചയോടെ പാര്‍ക്ക് പൂര്‍ണ്ണമായും അടയ്ക്കുകയായിരുന്നു.

കയോടികളെ ഇവിടെനിന്നും സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ അനുമതി തേടി നഗരസഭ ഒന്റാരിയോ പ്രവിശ്യാ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ കയോടികളെ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും, അവ നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് തങ്ങളുടെ പഴയ താവളത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഒന്റാരിയോ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്.
അതേസമയം ഈ പ്രദേശത്ത് വെച്ച് ചിലര്‍ കയോടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി കഴിഞ്ഞ മാസങ്ങളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ബൈലാ ആന്‍ഡ് റെഗുലേറ്ററി സര്‍വീസസ് മേധാവി ജെയ്ക്ക് ഗ്രാവെല്‍ അറിയിച്ചു. പാര്‍ക്ക് നിയമപ്രകാരം വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതും അടച്ചിട്ട പാര്‍ക്കില്‍ അതിക്രമിച്ചു കയറുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്.
കയോടികള് ജനവാസ മേഖലകളിലിറങ്ങി ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ ഓട്ടവ നഗരസഭ ജനങ്ങള്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്:
- വന്യമൃഗങ്ങളെ ഒരു കാരണവശാലും സമീപിക്കാനോ തൊടാനോ ശ്രമിക്കരുത്.
- അവയ്ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുകയോ ഓടുകയോ ചെയ്യരുത്.
- ശാന്തത പാലിച്ചുകൊണ്ട് പതുക്കെ പുറകോട്ട് മാറി നടക്കുക.
- ശരീരം നിവര്‍ത്തിപ്പിടിച്ച്, കൈകള്‍ വീശി, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അവയെ ഭയപ്പെടുത്തുക.
- രാത്രികാലങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫ്ലാഷ്ലൈറ്റ് കരുതുക.
- വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ പോറലുകള്‍ ഏല്‍ക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഒട്ടാവ പബ്ലിക് ഹെല്‍ത്തുമായി ബന്ധപ്പെടുക.
