Friday, June 12, 2026

ഇറാനുമായി സമാധാന കരാറിന് യുഎസ്; ജെ.ഡി വാന്‍സ് യൂറോപ്പിലേക്ക്

വാഷിങ്ടന്‍: യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വാരാന്ത്യത്തോടെ യൂറോപ്പില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച് വരുന്ന ഞായറാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന കേജ് ഫൈറ്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, സമാധാന കരാറിന്റെ ഭാഗമായുള്ള ഒപ്പിടല്‍ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് യുഎസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും ട്രംപ് അറിയിച്ചു. ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ആക്രമണം റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം.

ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇറാനുമായുള്ള ഒത്തുതീര്‍പ്പ് വിവരം ട്രംപ് പരസ്യപ്പെടുത്തിയത്. രേഖകളുടെ അന്തിമരൂപം അടുത്ത കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തയാറാകുന്ന മുറയ്ക്ക്, ഒരുപക്ഷേ ഈ വാരാന്ത്യത്തില്‍ യൂറോപ്പില്‍ വെച്ച് ഒപ്പിടല്‍ ചടങ്ങ് നടന്നേക്കും. നിരന്തരമായ ആക്രമണങ്ങളാല്‍ കടുത്ത തിരിച്ചടി നേരിട്ടതുകൊണ്ടാണ് ഇറാന്‍ കരാറിന് സമ്മതിച്ചതെന്നും, പുതിയ കരാര്‍ പ്രകാരം ഇറാന്‍ ഇനി ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കുകയോ വാങ്ങുകയോ ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി കരാറിന് വ്യക്തിപരമായി അനുമതി നല്‍കിയതായാണ് താന്‍ വിശ്വസിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കരാറിനെക്കുറിച്ച് ഇറാന്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ നല്‍കിയിട്ടില്ല.

കരാര്‍ ഒപ്പിടുന്നതോടെ നിലവില്‍ അടഞ്ഞുകിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇതൊരു ധാരണാപത്രം മാത്രമാണെന്നും ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നുമാണ് സൂചന. ടെഹ്‌റാന്റെ ആണവപദ്ധതികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ 60 മുതല്‍ 90 ദിവസത്തേക്ക് യുദ്ധം നിര്‍ത്തിവയ്ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആഴ്ചകളായി ചര്‍ച്ച നടത്തിവരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഏപ്രിലില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവിഭാഗവും ശക്തമായ ആക്രമണങ്ങള്‍ തുടരുകയായിരുന്നു.

ഈ ചരിത്രപരമായ കരാര്‍ രൂപപ്പെടുന്നതില്‍ പശ്ചിമേഷ്യ മുഴുവന്‍ സന്തോഷത്തിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും അമേരിക്കയില്‍ നാണയപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുകയും ചെയ്തിരുന്നു. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്നും അതിശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റിയ ട്രംപ്, ഇറാന്റെ ഉയര്‍ന്ന നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വിജയകരമാണെന്നും അതിനാല്‍ രാത്രി നടത്താനിരുന്ന ബോംബാക്രമണങ്ങള്‍ റദ്ദാക്കിയതായും അറിയിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഒത്തുതീര്‍പ്പ് പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!